തെലങ്കാനയിൽ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം ശക്തം, തന്ത്രം മെനഞ്ഞ് ബി.ജെ.പിയും രംഗത്ത്, ശർമ്മിളയുടെ നീക്കം നിർണ്ണായകം

കോൺഗ്രസ്സിൽ പുതിയ അധികാര കേന്ദ്രമായി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ… കർണ്ണാടകയിലെ കോൺഗ്രസ്സിന്റെ തിരിച്ചു വരവിന് കളമൊരുക്കിയ ഡി.കെ ശിവകുമാറിനെ തെലങ്കാന മണ്ണിൽ കൂടി മേധാവിത്വം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ഈ വർഷം തന്നെ നടക്കാൻ പോകുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ കൂട്ടുപിടിച്ച് വിജയം കൊയ്യാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ഈ നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് ഡി.കെ ശിവകുമാറാണ്. ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയുടെ സഹോദരിയായ ശർമിളയാണ് വൈ.എസ്.ആർ തെലങ്കാന പാർട്ടിയെ നയിക്കുന്നത്. ഇതിനകം തന്നെ തെലങ്കാനയിലെ സെൻസേഷനായി കഴിഞ്ഞ ശർമ്മിളയും അവരുടെ പാർട്ടിയും കോൺഗ്രസ്സിൽ ലയിക്കുകയോ സഖ്യമാവുകയോ ചെയ്താൽ കടുത്ത മത്സരത്തിനാണ് സാധ്യത.

തെലങ്കാന സംസ്ഥാനം രൂപീകരിച്ചതു മുതൽ ആ സംസ്ഥാനം ഭരിക്കുന്നത് ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് ആണ്. ശക്തമായ പ്രതിപക്ഷ പാർട്ടി ഇല്ലാത്തതിനാൽ വരുന്ന തിരഞ്ഞെടുപ്പിലും എളുപ്പത്തിൽ വിജയിക്കാൻ കഴിയുമെന്ന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ സ്വപ്നങ്ങൾക്കാണ് ശർമിളയുടെ വരവോടെ കരിനിഴൽ പടർന്നിരിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ആദ്യം തെലങ്കാനയും പിന്നീട് ആന്ധ്രയും ലക്ഷ്യമിടുക എന്നതാണ് കോൺഗ്രസ്സ് തന്ത്രം. ശർമിളയുടെ സഹോദരനാണ് ആന്ധ്ര മുഖ്യമന്ത്രിയെങ്കിലും ഇരുവരും തമ്മിൽ നിലവിൽ അത്രനല്ല ബന്ധത്തിലല്ല ഉള്ളത്. ഇതാണ് കോൺഗ്രസ്സിനെ ശർമിളയോട് അടുപ്പിക്കുന്നത്.

തന്നെയും തന്റെ കുടുംബത്തെയും അപമാനിച്ച കോൺഗ്രസ്സിനോട് ഒരു തരത്തിലും സഹകരണമില്ലന്ന നിലപാടിലാണ് വൈ.എസ് ജഗമമോഹൻ റെഡ്ഢി മുന്നോട്ടു പോകുന്നത്. എൻ.ഡി.എ ഘടക കക്ഷിയല്ലങ്കിലും കേന്ദ്ര സർക്കാറുമായി നല്ല ബന്ധത്തിലാണ് ജഗൻ മുന്നോട്ടു പോകുന്നത്. ഈ ഒറ്റ കാരണത്താലാണ് ശർമിളക്ക് മുന്നിൽ ബി.ജെ.പിയും മുഖം തിരിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കണക്കു കൂട്ടലിൽ വീണ്ടും തെലങ്കാനയിൽ ടി.ആർ.എസ് തന്നെയാണ് അധികാരത്തിൽ വരിക. അതേസമയം ലോകസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. ഈ അജണ്ട മുൻ നിർത്തിയാണ് തെലങ്കാനയിലെ ബി.ജെ.പി ഘടകം പ്രവർത്തിക്കുന്നത്.

വൈ.എസ് ശർമിള കോൺഗ്രസ്സുമായി യോജിച്ചാൽ ബി.ജെ.പിയുടെ ഈ കണക്കു കൂട്ടലുകൾ കൂടിയാണ് തെറ്റുക. അതു കൊണ്ടു തന്നെ ഡി.കെ ശിവകുമാറിന്റെ നീക്കങ്ങളെ ഗൗരവമായി തന്നെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും കാണുന്നത്. ഡി.കെയെ സൂപ്പർ ഹീറോയാക്കി കോൺഗ്രസ്സ് നടത്തുന്ന നീക്കങ്ങൾക്ക് കടിഞ്ഞാണിടാൻ അദ്ദേഹത്തിനെതിരായ കേസുകളിൽ കേന്ദ്ര ഏജൻസികൾ വീണ്ടും ‘പിടിമുറുക്കാനുള്ള ‘ സാധ്യതയും വളരെ കൂടുതലാണ്. നിലവിൽ ദക്ഷിണേന്ത്യയിൽ ഒരു സംസ്ഥാനത്തും ബി.ജെ.പിക്കു ഭരണമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ ക്ഷീണം മറികടക്കാൻ തെലങ്കാന തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം ബി.ജെ.പിക്ക് ആവശ്യമാണ്. ടി.ആർ.എസ് വീണ്ടും ഭരണം പിടിച്ചാലും കോൺഗ്രസ്സ് അധികാരത്തിൽ വരാതിരിക്കാനാണ് ഇവിടെ ബി.ജെ.പി ശ്രമിക്കുക.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസ്സിനു കൂടുതൽ ഉണർവേകുന്ന ഏത് അവസരവും തകർക്കുക തന്നെയാണ് കാവിപ്പടയുടെ ലക്ഷ്യം. തെലങ്കാനക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാൻ, മധ്യാപദേശ്, ചത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ രാജസ്ഥാനും ചത്തിസ് ഗഢും നിലവിൽ ഭരിക്കുന്നത് കോൺഗ്രസ്സാണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും വലിയ അട്ടിമറി വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ കോൺഗ്രസ്സ് എം.എൽ.എമാരെ കൂറുമാറ്റി പിടിച്ചെടുത്ത മധ്യപ്രദേശ് ഭരണം നിലനിർത്തുക എന്നതും ബി.ജെ.പിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.

ലോകസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനു തിരിച്ചടി നേരിട്ടാൽ അത് നെഹ്റു കുടുംബത്തിന്റെ പ്രധാനമന്ത്രി പദമോഹത്തിനു വൻ തിരിച്ചടിയാകും. പ്രിയങ്ക ഗാന്ധിയെ മുൻ നിർത്തി രാജ്യ ഭരണം പിടിക്കുക എന്നതാണ് കേന്ദ്രത്തിലെ കോൺഗ്രസ്സ് തന്ത്രം. മോദി – പ്രിയങ്ക ഏറ്റുമുട്ടലായി ലോകസഭ തിരഞ്ഞെടുപ്പിനെ മാറ്റിയാൽ സ്ത്രീകളുടെ ഉൾപ്പെടെ വോട്ടുകൾ ആകർഷിക്കാമെന്നും മറ്റു പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഇപ്പോൾ തന്നെ അവർ നീക്കങ്ങൾ നടത്തുന്നതും അതിനു വേണ്ടിയാണ്.

rahul priyanka vadra

എന്നാൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ്സ് ഉയർത്തിക്കാട്ടിയാൽ അവരുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ അഴിമതി കേസുകൾ ഉയർത്തിക്കാട്ടിയാകും ബി.ജെ.പി പ്രതിരോധം തീർക്കുക. യു.പി.എ സർക്കാറിന്റെ കാലത്തെ അഴിമതികളും അതോടെ വീണ്ടും ചർച്ചയാകും. രാജ്യത്ത് കോൺഗ്രസ്സ് ഭരണകൂടം നടത്തിയതു പോലെയുള്ള അഴിമതികൾ രാജ്യം ഭരിച്ച മറ്റൊരു പാർട്ടിയുടെ ഭരണത്തിലും നടന്നിട്ടില്ല. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്. ഈ കുംഭകോണങ്ങൾ വീണ്ടും ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചയായാൽ അതൊരിക്കലും കോൺഗ്രസ്സിനു ഗുണകരമാവാൻ സാധ്യതയില്ലന്നതും നേതാക്കൾ ഓർക്കുന്നതു നല്ലതായിരിക്കും…

EXPRESS KERALA VIEW

Top