‘വില്ലന്‍’ ചെന്നിത്തല തന്നെയാണെന്ന്, ക്രൈസ്തവ സഭയുടെ നീക്കം ഞെട്ടിച്ചു

ക്രൈസ്തവ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് കേരള കോണ്‍ഗ്രസ്സിനുള്ളത്. ആ പിന്തുണ പി.ജെ ജോസഫിലൂടെ കരസ്ഥമാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. എന്നാല്‍ ഇടതുപക്ഷമാകട്ടെ ജോസ് വിഭാഗത്തെ ഒപ്പം നിര്‍ത്തിയാണ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഇരു കേരള കോണ്‍ഗ്രസ്സുകളുടെയും കരുത്ത് പ്രകടമാകാന്‍ പോകുന്നത്. ക്രൈസ്തവ വോട്ടുകള്‍ മധ്യതിരുവതാം കൂറില്‍ യു.ഡി.എഫിനും ഇടതുപക്ഷത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. പരമ്പരാഗതമായ വോട്ട് ബാങ്ക് ഇത്തവണ തകരുമോ എന്ന ആശങ്ക യു.ഡി.എഫില്‍ തന്നെ ശക്തമാണ്.

ഇടതുപക്ഷമാകട്ടെ ജോസ് വിഭാഗത്തിന്റെ വരവോടെ വലിയ ആവേശത്തിലുമാണ്. ജോസഫ് വിഭാഗവുമായുള്ള തര്‍ക്കത്തില്‍ രണ്ടില ചിഹനം ലഭിച്ചതും ജോസ് വിഭാഗത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. ജോസ് വിഭാഗത്തിന്റെ ശക്തി തിരിച്ചറിയുന്ന യു.ഡി.എഫ് നേതാക്കള്‍ അവര്‍ മുന്നണി വിട്ടതിന്റെ പഴി രമേശ് ചെന്നിത്തലയിലും ബെന്നി ബെഹന്നാനിലുമാണ് ചാര്‍ത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഈ ഭിന്നത രൂക്ഷമാകാനാണ് സാധ്യത. കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് എതിരാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വീണാല്‍,മറ്റ് നേതാക്കളും പരസ്യമായാണ് രംഗത്ത് വരിക.

ജോസഫിനെ ഒപ്പം നിര്‍ത്തി ക്രൈസ്തവ സംഘടനകളെ സ്വാധീനിക്കാനുള്ള യു.ഡി.എഫ് നീക്കവും നിലവില്‍ പരാജയപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രകടമായ തെളിവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രൂക്ഷമായാണ് പാല അതിരൂപതയുടെ മുഖപത്രം രമേശ് ചെന്നിത്തലക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്തുണയ്ക്കാതിരുന്നതിലാണ് കെ എം മാണിയെ വിജിലന്‍സ് അന്വേഷണത്തില്‍ കുടുക്കിയതെന്നാണ് രൂപതയുടെ മുഖപത്രമായ ‘ദീപനാളം’ ആരോപിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കര്‍ഷക സമരവും ചര്‍ച്ച ചെയ്യുന്ന ഡിസംബര്‍ ലക്കത്തിലാണ് ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

‘കാവ്യനീതി’യെന്ന ലേഖനത്തിലൂടെയാണ് ചെന്നിത്തലയെ പച്ചയ്ക്ക് തുറന്നുകാട്ടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രൂപതാ ആസ്ഥാനം സന്ദര്‍ശിച്ചിട്ടും സഭയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു പ്രതികരണം വന്നത് യു.ഡി.എഫ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ബാറുടമകളില്‍ നിന്ന് ചെന്നിത്തല ഒരു കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവും ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണവും ‘കാവ്യനീതി’യാണെന്നാണ് സഭ മുഖപത്രം വിശേഷിപ്പിച്ചിരിക്കുന്നത്. അന്വേഷണം ചെന്നിത്തലയ്ക്ക് ബൂമറാങ് ആണെന്നും ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കാത്തതു കൊണ്ടാണ് തനിക്കെതിരെ വിജിലന്‍സ് അന്വേഷണമുണ്ടായതെന്ന് മുന്‍പ് മാണി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതിനായി, ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെയാണ് ചെന്നിത്തല കെ എം മാണിയെ കാണാനയച്ചതെന്ന വെളിപ്പെടുത്തലും ‘കാവ്യ’നീതിയെന്ന ലേഖനത്തിലുണ്ട്.

ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നായിരുന്നുവത്രെ ആവശ്യം. അതു വയ്യെന്നു കെ എം മാണി അറിയിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാര്‍കോഴയാരോപണം ഉയരുമ്പോള്‍ ചെന്നിത്തല അമേരിക്കയിലായിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ മൂന്നാം ദിവസം മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചുതന്നെ വിജിലന്‍സ് അന്വേഷണത്തിനുള്ള ഫയലില്‍ ഒപ്പിടുകയായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരെ വേണ്ടത്ര ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍,മാണി ഏറെ അസ്വസ്ഥനായിരുന്നു.മദ്യവ്യവസായിയുടെ ആരോപണത്തേക്കാള്‍ അദ്ദേഹത്തെ വേദനിപ്പിച്ചതും ഇതു തന്നെയാണ്. ത്വരിതാന്വേഷണം നീട്ടിനീട്ടി കൊണ്ടുപോയിരുന്നില്ലെങ്കില്‍ ബാര്‍കോഴ കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ലന്നും അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ലെന്നും പാലാ രൂപതയുടെ മുഖപത്രം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കുന്ന ദീപനാളം സൊസൈറ്റിയാണ് സഭയുടെ ഈ മുഖപത്രം പ്രസിദ്ധീകരിക്കുന്നത്. രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ജോസഫ് തടത്തിലാണ് ചീഫ് എഡിറ്റര്‍. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ്സിനെ ചുട്ട് പൊള്ളിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സില്‍ ചെന്നിത്തല വിരുദ്ധ ചേരി കൂടുതല്‍ ശക്തിപ്പെടാനും സഭയുടെ നിലപാട് ഇനി കാരണമാകും. മറ്റ് ക്രൈസ്തവ സംഘടനകള്‍ കൂടി ഈ നിലപാട് സ്വീകരിച്ചാല്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സിന് നേരിടേണ്ടി വരിക. അതിന്റെ സൂചനകളും ഇപ്പോള്‍ പ്രകടമാണ.്

Top