ഇല്ലാത്ത നിയമലംഘനത്തിന്റെ പേരില്‍ പിഴയിട്ടെന്ന എഐ ഗവേഷകന്റെ പരാതി തള്ളി മോട്ടോര്‍ വാഹനവകുപ്പ്

പത്തനംതിട്ട: ഇല്ലാത്ത നിയമലംഘനത്തിന്റെ പേരില്‍ എഐ ഗവേഷകന് തുടര്‍ച്ചയായി പിഴയിട്ടെന്ന പരാതി തള്ളി മോട്ടോര്‍ വാഹനവകുപ്പ്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിച്ചെന്ന് തെളിയിക്കാന്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പുറത്തുവിട്ടു. എന്നാല്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ അവകാശവാദം ഗവേഷകനും തള്ളുകയാണ്. അപകടത്തില്‍ തോളിന് പരിക്കേറ്റ ശേഷം വര്‍ഷങ്ങളായി സീറ്റ് ബെല്‍റ്റ് ധരിക്കുന്ന രീതി വീഡിയോയിലൂടെ ചിത്രീകരിച്ചാണ് ഗവേഷകന്‍ ഡോ. നൈനാന്‍ സജിത്ത് ഫിലിപ്പ് ഇതിന് മറുപടി നല്‍കുന്നത്.

എഐ രംഗത്തെ ഗവേഷകനായ പത്തനംതിട്ട സ്വദേശി ഡോ. നൈനാന്‍ സജിത്ത് ഫിലിപ്പിന് ആറ് തവണ തെറ്റായി പിഴയിട്ടെന്ന പരാതി, ഏറെ ചര്‍ച്ചയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചാണ് വാഹനം ഓടിച്ചതെന്ന ഗവേഷകന്റെ വാദം കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തള്ളുകയാണ്. പിഴയിട്ട സന്ദര്‍ഭങ്ങളിലെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്നാണ് ഈ ചിത്രങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ പറഞ്ഞുവയ്ക്കുന്നത്.

പേസ്‌മേക്കര്‍ അടക്കം ധരിക്കുന്ന പലരും വാഹനം ഓടിക്കുമ്പോള്‍ ഈ രീതിയില്‍ ബെല്‍റ്റ് ധരിക്കാറുണ്ടെന്നും എ ഐ ക്യാമറ സംവിധാനത്തില്‍ അങ്ങനെയൊരു പരിഷ്‌കാരം കൊണ്ടുവരണമെന്നുമാണ് നൈനാന്‍ സജിത്ത് ഫിലിപ്പ് പറയുന്നത്. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഈ രീതിയില്‍ ധരിക്കുന്നത് കൊണ്ട് ഒരു സുരക്ഷയും ഡ്രൈവര്‍ക്ക് കിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മറുപടി.

Top