വാളയാര്‍ കേസ്; അന്വേഷണം മൂന്നാമതും അട്ടിമറിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെണ്‍കുട്ടികളുടെ അമ്മ. കേസിലെ സിബിഐ തുരടന്വേഷണം പുരോഗമിക്കവേയാണ് കുടുംബത്തിന്റെയും സമരസമിതിയുടെയും ആശങ്ക. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞെന്നുമാണ് വിമര്‍ശനം.

ഒരുഭാഗത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത് അനുസരിച്ച് അഡ്വക്കേറ്റ് രാജേഷ് മേനോന്റെ നിയമനം സിബിഐയുടെ അനുമതിക്ക് നല്‍കിയതാണെന്ന് കാണിച്ച് 3 കത്തുകള്‍ അയക്കുമ്പോള്‍ തന്നെ പ്രോസിക്യൂട്ടര്‍ നിയമനം വേഗത്തിലാക്കാനായി ഹൈക്കോടതിയില്‍ നല്‍കിയ പെറ്റീഷന്‍ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച അഡീഷണല്‍ ഡിജിപി, കോടതിയെ തീരുമാനം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെയും സമരസമിതിയുടേയും പരാതി. പകരം നിയമനത്തിനെതിരെ സര്‍ക്കാര്‍ പ്രതിനിധി നിലപാടെടുത്തെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.

കേസിലെ നിജസ്ഥിതി പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ മാറ്റി നിര്‍ത്താനുള്ള ചരടുവലികള്‍ നടക്കുന്നതെന്നാണ് കുടുംബം പറയുന്നത്. മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകള്‍ അയച്ചിട്ടും ഫലമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമില്‍ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു.നിലവില്‍ അന്വേഷണ സംഘത്തിന് ഒപ്പം എത്തുന്ന വ്യക്തി കൃത്യതയോടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞ് നല്‍കാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും പെണ്‍കുട്ടികളുടെ അമ്മ ചൂണ്ടികാട്ടി.

Top