യു.ഡി.എഫ് നേതാക്കൾക്ക് സ്വപ്നം കാണാൻ കഴിയുമോ വി.എസ് ‘കാലത്തെ’

കേരളത്തിലെ ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവ് ആരായിരുന്നു എന്ന ചോദ്യത്തിന് രാഷ്ട്രിയ കേരളത്തിനു മുന്നിലുള്ള ശക്തമായ മറുപടിയാണ് വി.എസ് എന്ന രണ്ടക്ഷരം . . . ‘വെട്ടിനിരത്തല്‍ സമരത്തിലെ’ വില്ലന്‍ പരിവേഷത്തില്‍ നിന്നും ജനനായകനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും ഇപ്പോഴും വലിയൊരു അത്ഭുതമാണ്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിരിക്കണം എന്നത് രാജ്യത്തിനു തന്നെ കാണിച്ചു കൊടുത്ത ഉശിരനായ കമ്യൂണിസ്റ്റാണ് വി.എസ്.

ധാരാളം കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ ജനങ്ങളെ അണിനിരത്തി സാമൂഹ്യമാറ്റം സാധ്യമാക്കിയ ഈ മണ്ണില്‍ നാലുതലമുറകളെ ആവേശപൂര്‍വ്വം നയിച്ച നേതാവ് എന്ന ബഹുമതിയും ഇനി വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതായിരിക്കും. പരിസ്ഥിതി, ഭൂമി കയ്യേറ്റം, സ്ത്രീ സുരക്ഷ തുടങ്ങി വിവിധ ജനകീയ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി വി.എസ് രംഗത്തിറങ്ങി നയിച്ച പ്രക്ഷോഭങ്ങളും നിയമ പോരാട്ടവും അനവധിയാണ്. വലതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോഴും നഴ്‌സുമ്മാര്‍ രാത്രിയിലും മഴയത്തും ആത്മഹത്യാ ഭീഷണി സമരം നടത്തിയപ്പോഴും പുതുതലമുറയിലെ സമരയൗവനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏക നേതാവും ഈ വൃദ്ധനായ പോരാളി മാത്രമായിരുന്നു.

മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ, ‘പെമ്പിളൈ ഒരുമ’ സമരത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ക്കോ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കോ ജനപ്രതിനിധികള്‍ക്കോ പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന സമയത്ത് പ്രക്ഷുബ്ദമായ ജനത്തിനിടയിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലുവാന്‍ കഴിഞ്ഞതും ഒരേ ഒരു വി.എസ് അച്യുതാനന്ദനു മാത്രമായിരുന്നു എന്നതും ചരിത്രമാണ്. ഭരണകൂടത്തെ വിറപ്പിക്കുക മാത്രമല്ല ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കതും നേടിയെടുക്കാനും വി.എസ് എന്ന പ്രതിപക്ഷ നേതാവിന് മുന്‍പേ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ആര്‍ജിച്ച വിശ്വാസ്യതയും ചെങ്കൊടി പ്രസ്ഥാനത്തിന്റെ കരുത്തുമാണ് വി.എസിനെ അതിനു പ്രാപ്തനാക്കിയിരുന്നത്.

വി.എസ് ഇരുന്ന ആ കസേരയിലാണ് പിന്നീട് രമേശ് ചെന്നിത്തലയും ഇരുപ്പുറപ്പിച്ചിരുന്നത്. ഒരുപാട് പ്രതീക്ഷിച്ച സ്വന്തം അണികളെ പോലും നിരാശയിലാക്കുന്ന പ്രകടനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ തവണ ചെന്നിത്തല കാഴച വച്ചിരുന്നത്. അതിന്റെ കൂടി പരിണിതഫലമാണ് പിണറായി സര്‍ക്കാറിന്റെ ഈ തുടര്‍ഭരണം ഇപ്പോള്‍ വി.ഡി സതീശന്‍ ആ പദവിയില്‍ ഇരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് വീണ്ടുമൊരു തുടര്‍ഭരണം കൂടിയാണ് പ്രവചിക്കപ്പെടുന്നത്.

സര്‍ക്കാറിനെ വിമര്‍ശിക്കുക എന്നതു മാത്രം അജണ്ടയാക്കിയാല്‍ പ്രതിപക്ഷം എവിടെയും എത്താന്‍ പോകുന്നില്ല. മാധ്യമങ്ങളല്ല ജനങ്ങളാണ് വിധി എഴുതേണ്ടത്. അതു കൊണ്ടു തന്നെ ഭയക്കേണ്ടത് ജനങ്ങളെ മാത്രമാണ്. നുണക്കഥകള്‍ക്ക് ജനങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നു എങ്കില്‍ ഒരിക്കലും ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാകില്ലായിരുന്നു. സമാനതകളില്ലാത്ത വേട്ടയാടലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തു പോലും മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയിരുന്നത്. ഇതിനെ എല്ലാം അതിജീവിക്കാന്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനും കഴിഞ്ഞത് പ്രവര്‍ത്തന മികവു ഒന്നു കൊണ്ടു മാത്രമാണ്.

പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ജനമനസ്സുകളിലാണ് ഇടം പിടിക്കേണ്ടത്. എങ്കില്‍ മാത്രമേ മുന്നേറ്റവും സാധ്യമാകുകയൊള്ളൂ. അതല്ലങ്കില്‍ പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക. സംഘടനാപരമായി കരുത്താര്‍ജിക്കാനും ജനകീയ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാനും ശ്രമിച്ചാല്‍ മാത്രമേ യു.ഡി.എഫിന് ഇനി മുന്നോട്ട് പോകാന്‍ സാധിക്കുകയൊള്ളൂ. മീഡിയകളില്‍ കയറി ഷോ കളിച്ചിട്ട് ഒരു കാര്യവുമില്ലന്ന് വ്യക്തം. ആ പ്രായത്തിലും വി.എസ് മല കയറാന്‍ തയ്യാറായി എന്നത് നിസാരമായി ഒരിക്കലും ചെന്നിത്തലയും വി.ഡി സതീശനും കാണരുത്. സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള മനസ്സുകള്‍ക്കു മാത്രം സാധ്യമാകുന്ന കാര്യമാണത്. വി.എസിന്റെ ആത്മാര്‍ത്ഥതയില്‍ രാഷ്ട്രീയ കേരളത്തിന് സംശയം ഇല്ലാത്തതു കൊണ്ടാണ് ഇപ്പോഴും അദ്ദേഹം ആവേശമായി തുടരുന്നത്.

എന്നാല്‍, പ്രതിപക്ഷത്തിന്റെ അവസ്ഥ എന്താണ്? ആരാണ് പ്രതിപക്ഷ നേതാവ് എന്ന മത്സരമാണ് യഥാര്‍ത്ഥത്തില്‍ അവിടെ നടക്കുന്നത്. പ്രതിപക്ഷ നേതാവായ വി.ഡി സതീശനെ മൂലയ്ക്കിരുത്തി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായം പറയുന്നതിനെച്ചൊല്ലിയാണ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നത്. യു.ഡി.എഫ് ഘടക കക്ഷികളും നിലവില്‍ ആകെ നിരാശയിലാണ്. ചെന്നിത്തലയെ പിന്തുണച്ച് അപ്രതീക്ഷിതമായി കെ സുധാകരന്‍ ഇറങ്ങിയതും കോണ്‍ഗ്രസ്സില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. വി.ഡി സതീശന്‍ വല്ലാതെ അങ്ങ് ‘ആളാവണ്ട’ എന്നു കരുതി തന്നെയാണ് സുധാകരന്‍ ഇപ്പോള്‍ മലക്കം മറഞ്ഞിരിക്കുന്നത്. ഇതോടെ, കെ.സി ഗ്രൂപ്പിലെ ഭിന്നത കൂടിയാണ് പുറത്തു വന്നിരിക്കുന്നത്.

വര്‍ക്കിങ് പ്രസിഡന്റ് പദവിയിലുള്ള കൊടിക്കുന്നില്‍ സുരേഷിന് ചുമതല നല്‍കാത്തതും അന്തരിച്ച പി ടി തോമസിന് പകരം കെ സി ജോസഫിനെ വര്‍ക്കിങ് പ്രസിഡന്റ് ആക്കണമെന്ന ആവശ്യം നിരാകരിച്ചതും കെ സുധാകരനെതിരായ പ്രതിഷേധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതു ഏകപക്ഷീയ നടപടിയാണെന്ന നിലപാടിലാണ് എ ഗ്രൂപ്പുള്ളത്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും കടുത്ത രോഷത്തിലാണുള്ളത്.
തര്‍ക്കം രൂക്ഷമായതിനിടെ സുധാകരന്‍ നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെങ്കിലും നേതാക്കള്‍ എല്ലാവരും പല തട്ടിലാണ് ഉള്ളത്. കെപിസിസി സെക്രട്ടറി നിയമനവും ഡിസിസി പുനഃസംഘടനയും ഉള്‍പ്പെടെ ആകെ കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. ഇപ്പോഴത്തെ ചേരിതിരിവ് നിര്‍വാഹക സമിതിയിലും പ്രതിഫലിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഈ ബഹളത്തിനിടെ പുനഃസംഘടന എങ്ങനെയെങ്കിലും നടത്തിയെടുക്കാനാണ് കെ സുധാകരന്‍ നീക്കം നടത്തുന്നത്. ജില്ലകളില്‍ നിന്നെത്തിയ ജംബോ പട്ടിക വെട്ടിച്ചുരുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിനെതിരെ ഗ്രൂപ്പുകള്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ എ.ഐ.സി.സി നേതൃത്വവും വെട്ടിലായിപോകും. കോണ്‍ഗ്രസ്സിലെ എ ഐ ഗ്രൂപ്പുകള്‍ തല്‍ക്കാലം യോജിച്ചാണ് മുന്നോട്ടു പോകുന്നത്. ഈ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയും സൂപ്പര്‍ പ്രതിപക്ഷ നേതാവ് ചമയുന്നത്. പുനസംഘടനയില്‍ വെട്ടിനിരത്തപ്പെടാതിരിക്കാന്‍ ചെന്നിത്തലയുടെ ഒരു കൈ സഹായവും സുധാകരന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതു മുന്നില്‍ കണ്ടു കൂടിയാണ് ചെന്നിത്തലയെ ‘ന്യായീകരിക്കാന്‍’ സുധാകരന്‍ തയ്യാറായിരിക്കുന്നത്.

വാര്‍ത്താ സമ്മേളന പരമ്പരകള്‍ വിളിച്ചാണ് ചെന്നിത്തല, വി.ഡി സതീശനെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അല്ലാതിരുന്നിട്ടു പോലും ചെന്നിത്തലയ്ക്കു കിട്ടുന്ന വലിയ വാര്‍ത്താ പ്രാധാന്യത്തില്‍ സതീശന്‍ ആകെ അസ്വസ്ഥനാണ്. മീഡിയകളില്‍ കൃത്യമായ ഇടപെടലാണ് നിലവില്‍ ചെന്നിത്തലയുടെ പി.ആര്‍ ടീം നടത്തി വരുന്നത്. മാധ്യമ ശ്രദ്ധകിട്ടുന്ന വിഷയങ്ങള്‍ തേടിപിടിച്ചാണ് ചെന്നിത്തലയുടെ ഇടപെടല്‍.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് വിവാദത്തില്‍ പ്രതിപക്ഷനേതാവ് നിലപാട് വിശദീകരിക്കുമെന്ന് അറിയിച്ചിട്ടും അതിന് ചെവികൊടുക്കാതെ ചെന്നിത്തല ആദ്യം കയറി വാര്‍ത്താസമ്മേളനം നടത്തിയത് സതീശനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം തന്നെയാണ്. ഈ വാര്‍ത്താ സമ്മേളനത്തിനുമുമ്പ് ചെന്നിത്തല-സുധാകരന്‍ കൂടിയാലോചന നടന്നിരുന്നുവെന്നാണ് വി.ഡി സതീശന്‍ ക്യാംപ് സംശയിക്കുന്നത്. അതു കൊണ്ടു തന്നെ ഇനി പ്രതികരണങ്ങളില്‍ പിശുക്ക് വേണ്ടന്നാണ് അവരുടെ തീരുമാനം.

ഇവിടെയാണ് നാം വി.എസിനെ സ്മരിക്കേണ്ടത്. ഒരിക്കലും വി.എസ് മാധ്യമങ്ങളെ തേടി പോയിട്ടില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ തേടി വരികയാണ് ചെയ്തിട്ടുള്ളത്. കല്ലും മുള്ളും നിറഞ്ഞ പാദയിലൂടെ വി.എസ് സഞ്ചരിച്ചപ്പോള്‍ മതികെട്ടാന്‍ ഉള്‍പ്പെടെ അദ്ദേഹത്തെ പിന്തുടരേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയാണ് വി.എസ് പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ അഭിനവ പ്രതിപക്ഷ നേതാക്കള്‍ക്ക് ആകട്ടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആണ് എല്ലാം. സോഷ്യല്‍ മീഡിയയിലെ ലൈക്കിലും ഷെയറിലുമാണ് ഇവരുടെയെല്ലാം ശ്രദ്ധ. അതിനും അപ്പുറമുള്ള വലിയ ഒരു ജനസമൂഹത്തെയോ അവരുടെ പ്രശ്‌നങ്ങളെയോ ഇവരാരും തന്നെ കാണുന്നില്ല. കാണാന്‍ ശ്രമിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഏത് മുന്നണി അധികാരത്തില്‍ വന്നാലും മികച്ച ഒരു പ്രതിപക്ഷം ഉണ്ടാകേണ്ടത് സര്‍ക്കാറിന്റെ സുഗമമായ മുന്നോട്ടു പോക്കിന് അനിവാര്യം തന്നെയാണ്. പൊതുസമൂഹവും അത് ഏറെ ആഗ്രഹിക്കുന്നുണ്ട്. വി.എസ് നല്ലൊരു മുഖ്യമന്ത്രി എന്നതിനേക്കാള്‍ നല്ലൊരു പ്രതിപക്ഷ നേതാവായിരുന്നു എന്നു പറയുന്നവരാണ് അധികവും … ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സില്‍ അങ്ങനെ ചൂണ്ടിക്കാട്ടാന്‍ ഇപ്പോഴും ഒരാളില്ല എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. ഖദറില്‍ വിയര്‍പ്പ് പൊടിയരുത് എന്നു ധരിക്കുന്ന കാലത്തോളം കോണ്‍ഗ്രസ്സ് ഇങ്ങനെയൊക്കെ തന്നെയാണ് തുടരുക. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒരു സംശയവും ഉണ്ടാവേണ്ടതില്ല.

EXPRESS KERALA VIEW

Top