‘കരിയറിലെ പ്രധാനപ്പെട്ട സിനിമ’; ഗോകുല്‍ സുരേഷിന്റെ ‘സായാഹ്ന വാര്‍ത്തകള്‍’ ഇന്ന് മുതല്‍

ഗോകുല്‍ സുരേഷ് നായകനാവുന്ന സായാഹ്ന വാര്‍ത്തകള്‍ ഇന്ന് തീയറ്ററുകളിലെത്തും. ചിത്രം തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണെന്നാണ് റിലീസിന് തലേദിവസം ഗോകുല്‍ പറയുന്നത്. കാണികളുടെ പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോകുലിന്‍റെ അഭ്യര്‍ഥന. റിലീസ് പ്രഖ്യാപിച്ച് തിയറ്ററുകളില്‍ എത്താന്‍ ഏറെ വൈകിയ ചിത്രമാണിത്. അവസാനം വെള്ളിയാഴ്ച ( ഓഗസ്റ്റ് 5 ) ചിത്രം തിയറ്ററുകളിലെത്തുകയാണ്.

ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ ചന്ദുവാണ് സംവിധാനം. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഡി 14 എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ മഹ്ഫൂസ് എം ഡിയും നൌഷാദ് ടിയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഗോകുല്‍ സുരേഷിന്‍റെ കുറിപ്പ്

വളരെയേറെ കാലമായി പോസ്റ്റിടാൻ കാത്തിരുന്ന ഒരു കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു. നാളെ ഞാൻ ഒരുപാട് ആകാംഷയോടെ കാത്തിരുന്ന എന്റെയൊരു സിനിമ നിങ്ങളിലേക്ക് എത്തുകയാണ്. പ്രതികൂല സാഹചര്യങ്ങളാൽ ഷൂട്ടിൽ സംഭവിച്ച തടസങ്ങൾ, റിലീസിലെ അനിശ്ചിതത്വം എന്നിവയാണ് റിലീസിംഗ് ഇത്രയധികം വൈകിപ്പിച്ചത്. ഈ ചിത്രത്തിന് പിന്നിലെ തടസങ്ങളും വെല്ലുവിളികളും മറികടന്ന് ഞങ്ങൾ ഒടുവിൽ ഇത് നിങ്ങളിലേക്ക് എത്തിക്കുകയാണ്. എന്തൊക്കെ സംഭവിച്ചിട്ടും ഞങ്ങളുടെ ആത്മധൈര്യം ഒട്ടും തന്നെ ചോർന്നു പോയിട്ടില്ല. വ്യക്തിപരമായി വളരെയധികം ക്ലേശങ്ങൾ മാനസികമായും ശാരീരികമായും ഞാൻ ഈ കാലയളവിൽ അനുഭവിക്കേണ്ടി വന്നു. ഇനിയെനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് നിങ്ങളോട് ഈ ഓഗസ്റ്റ് 5ന് (നാളെ) ചിത്രം പുറത്തിറങ്ങുമ്പോൾ കാണുക എന്ന് അഭ്യർത്ഥിക്കുക മാത്രമാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എല്ലാറ്റിനുമുപരി പിന്തുണയും കൂടെയുണ്ടാകുമെന്ന് കരുതുന്നു.

Top