കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാളയിലെ മുസ്ലിം പള്ളി

മാള: തൃശൂര്‍ മാളയിലെ ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. റമദാന്‍ മാസത്തില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്നു വച്ചാണ് പള്ളി അധികൃതര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. ആകെ 50 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 300ലധികം കൊവിഡ് കേസുകളാണ് മാള പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇവിടെ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനവും ലഭ്യമാക്കും. അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും ചികിത്സയും ഇവിടെ ലഭ്യമാക്കുമെന്ന് മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു. കേരളത്തിനു പുറത്ത് ഗുജറാത്തിലും ഡല്‍ഹിയിലുമൊക്കെ മുസ്ലിം പള്ളികള്‍ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയിരുന്നു.

Top