ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപെട്ടവരെ ബ്രാഹ്മണരെന്ന് ന്യായീകരിച്ച എംഎൽഎക്ക് വീണ്ടും ബിജെപി സീറ്റ്

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസ് പ്രതികള്‍ നല്ല സംസ്കാരത്തിന് ഉടമകളെന്ന് പറഞ്ഞ് ന്യായീകരിച്ച ചന്ദ്രസിൻഹ് റൗജി എംഎല്‍എക്ക് വീണ്ടും ബിജെപി സീറ്റ്. ഗുജറാത്തിലെ ഗോധ്ര എംൽഎയായ ചന്ദ്രസിൻഹ് റൗജിക്ക് ഇക്കുറിയും അതേ മണ്ഡലം തന്നെയാണ് നൽകിയത്. ആറുതവണ എംഎൽഎ ആയിട്ടുണ്ട് മുൻമന്ത്രി കൂടിയായ റൗൽജി. 15 വർഷത്തിന് ശേഷമാണ് കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പ്രതികള്‍ ‘ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരത്തിനുടമകളാണെന്നുമായിരുന്നു ചന്ദ്രസിൻഹ് റൗൽജിയുടെ വാദം. 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിക്കാൻ തീരുമാനിച്ച ഗുജറാത്ത് സർക്കാർ കമ്മിറ്റിയുടെ ഭാഗമായിരുന്നു റൗൽജി.

2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചന്ദ്രസിൻഹ് റൗൽജി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയത്. 2007ലും 2012ലും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച അദ്ദേഹം ബിജെപിയിലേക്ക് മാറിയ ശേഷം കോൺഗ്രസ് സ്ഥാനാർഥിയെ 258 വോട്ടിന്റെ നേരിയ മാർജിനിലാണ് തോൽപ്പിച്ചത്.

“അവര്‍ ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യം ചെയ്‌തോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അവര്‍ ബ്രാഹ്‌മണരാണ്, ബ്രാഹ്‌മണര്‍ നല്ല സംസ്‌കാരത്തിന് ഉടമകളാണ്. അവരെ ശിക്ഷിക്കാനുള്ള മറ്റാരുടേയോ ദുരുദ്ദേശം ഇതിലുണ്ട്”- മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തില്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ ജയിലിലായിരുന്ന കാലത്ത് സല്‍സ്വഭാവികളായിരുന്നെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു. എംഎൽഎയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ബിൽക്കീസ് ബാനു വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പ്രതികളുടെ മോചനത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. ബലാത്സംഗക്കേസിലെ പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ രണ്ട് ബിജെപി അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

Top