കാണാതായ അധ്യാപികയെ ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

മണ്ഡ്യ: രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടകയിലെ മണ്ഡ്യയിലെ മേലുകോട്ടെയില്‍ കാണാതായ സ്വകാര്യ സ്‌കൂള്‍ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭര്‍ത്താവ് ലോകേഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാട്ടുകാരും പൊലീസും ദീപികയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് ഇവരുടെ സ്‌കൂട്ടര്‍ കണ്ടെത്തി.

ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടര്‍ന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു ദീപിക. ഇവര്‍ പ്രദേശവാസിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിധിന്‍ എന്നയാളാണ് അവസാനം ദീപികയുമായി ഫോണില്‍ സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് കണ്ടെത്തി. നിധിനെ പിടികൂടിയാല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച് വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് പറയുന്നു. നിധിനെ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപികയ്ക്ക് മറ്റ് ശത്രുക്കളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top