കാണാതായ 12കാരനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മംഗളൂരു: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രിയാണ് 12-കാരനെ വീട്ടില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഫോണില്‍ സംസാരിച്ചു കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെ വന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടിയെ കാണാതായതോടെ ശനിയാഴ്ച രാത്രി തന്നെ ഇവര്‍ ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. കുട്ടി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ പറഞ്ഞു.

 

Top