ഡല്‍ഹിയില്‍ ‘ഭാരത് സ്‌റ്റേജ് 6’ ഇന്ധനം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള ഡല്‍ഹിയില്‍ 2018 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് 6) നിലവാരത്തിലുള്ള ഇന്ധനം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നു.

അന്തരീക്ഷ മലിനീകരണ തോത് കുറക്കുന്നതിനാണ് പുതിയ പദ്ധതി.

ഭാരത് സ്‌റ്റേജ് 6 ഇന്ധനം എത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

നിലവില്‍ രാജ്യത്ത് പുതിയതായി പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ബിഎസ് 4 നിലവാരത്തിലുള്ളതാണ്.

ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ഈ നിലവാരം നിര്‍ബന്ധമാക്കിയിരുന്നത്. നേരത്തെ 2020ഓടെ ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ‘ഭാരത് സ്‌റ്റേജ് 6’ നിലവാരം ഏര്‍പ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതി.

ഡല്‍ഹിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

ഭാരത് സ്‌റ്റേജ് 5 നിലവാരത്തില്‍ തൊടാതെ നേരെ ഭാരത് സ്‌റ്റേജ് 6ലേക്ക് കടക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

അതേസമയം ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ഏകദേശം 60,000 കോടി രൂപയോളം എണ്ണക്കമ്പനികള്‍ക്ക് അധികച്ചെലവ് വരും.

ഡല്‍ഹിയില്‍ നടപ്പിലാക്കിയതിനു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

Top