ജി എസ് ടിയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കണമെന്ന് ഘന വ്യവസായ മന്ത്രാലയം

ന്യൂഡല്‍ഹി: ജി എസ് ടി, റോഡ് നികുതി, പാര്‍ക്കിംഗ് ഫീ എന്നിവയില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഘന വ്യവസായ മന്ത്രാലയം.

28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസ്സും ഉള്‍പ്പെടെ ആകെ 43 ശതമാനം നികുതിയാണ് ജി എസ് ടി കൗണ്‍സില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.

കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയ്ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മുമ്പാകെയാണ് മന്ത്രാലയം ആവശ്യമുന്നയിച്ചത്.

നിര്‍ദ്ദിഷ്ട 12 ശതമാനം ജി എസ് ടി നിരക്കിന് പകരം ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് നികുതി ഈടാക്കുകയേ ചെയ്യരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഹൈബ്രിഡ് കാറുകളുടെ ജി എസ് ടി നിരക്ക് പുന:പരിശോധിക്കില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു.

കാര്‍ നിര്‍മ്മാണ മേഖലയില്‍നിന്നുള്ള ആവശ്യവും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പഠനവും ഒത്തുപോകുന്നില്ലെന്നാണ് ജെയ്റ്റ്‌ലി വ്യക്തമാക്കിയത്.

ഇലക്ട്രിക് വാഹനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി അതിനായി 12,000 മുതല്‍ 13,000 കോടി രൂപ അനുവദിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Top