കുസാറ്റ് ടെക് ഫെസ്റ്റിനിടെയണ്ടായ അപകടസ്ഥലം മന്ത്രിമാര്‍ സന്ദര്‍ശിക്കും

കളമശ്ശേരി: കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടസ്ഥലം മന്ത്രിമാര്‍ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് കുസാറ്റില്‍ എത്തുക. രാവിലെ 8.30 മണിയോടെ മന്ത്രിമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ള ആശുപത്രികള്‍ മന്ത്രിമാരുടെ സംഘം സന്ദര്‍ശിച്ചിരുന്നു.

തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെയും പോസ്റ്റ്മോര്‍ട്ടം ഉടന്‍ പൂര്‍ത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടു നല്‍കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുസാറ്റില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. കൂത്താട്ടുകളും സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് ആണ് മരിച്ച നാലാമത്തെയാള്‍.

അതേസമയം, അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 38 ഓളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും കരള്‍, മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്കാണ് കൂടുതല്‍ പരിക്ക്. അതിനിടെ, പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 പേരില്‍ 16 പേര്‍ ആശുപത്രി വിട്ടു. 2 പേര്‍ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്.

Top