ആര്‍ദ്രം മിഷനിലൂടെ ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവുമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം വര്‍ക്കല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് നടന്നുവരുന്നത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോവുകയാണ്. ഇത്രയും വലിയ തുക താലൂക്ക് ആശുപത്രികള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത് ആശുപത്രികളെ രോഗി സൗഹൃദവും ജനസൗഹൃദവും ആക്കണമെന്ന സര്‍ക്കാരിന്റെ നയം അനുസരിച്ചാണ്. താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ലഭ്യമാകണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് കിഫ്ബിയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

7.05 കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന് നിലയുളള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അത്യാഹിത വിഭാഗവും ല ബോറട്ടറി, എക്‌സ്‌റെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ് ), 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സാപദ്ധതിയായ ആര്‍.ബി.എസ്.കെ/ ആരോഗ്യ കിരണം കൂടാതെ പ്രസവശേഷം അമ്മയേയും, നവജാതശിശുവിനെയും വീട്ടില്‍ എത്തിക്കുന്ന സൗജന്യയാത്രാ പദ്ധതിയായ മാതൃയാനം എന്നിവയുടെ കൗണ്ടറും പ്രവര്‍ത്തിക്കുന്നു.

രണ്ടാം നിലയിലെ ഒ.പി ബ്ലോക്കില്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എന്‍.റ്റി, ഡെന്റല്‍ വിഭാഗം, ഡയബറ്റിക് രോഗികളുടെ വിദഗ്ധപരിശോധനയ്ക്കുള്ള 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. പ്രതിരോധകുത്തിവയ്പുകളും, കുട്ടികള്‍ക്കായുളള സ്‌ക്രീനിംഗ് ടെസ്റ്റുകളും നടത്താനുള്ള സൗകര്യവും ഉണ്ട്. മൂന്നാം നിലയില്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമുള്ള മെഡിക്കല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമേ ടെറസ്സില്‍ വൈദ്യുതിയുടെ ഉപയോഗത്തി നായി സോളാര്‍ പാനലും ഘടിപ്പിച്ചിട്ടുണ്ട്. 250 കെ.വി ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.

Top