തിരുവനന്തപുരം: കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം ഒരുക്കാന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കാന്‍ പൊലീസിന് പൊതുജനത്തിന്റെ സഹായം കൂടി ഉണ്ടാവണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികള്‍ വഴിയില്‍ വാഹനത്തിനായി അലയുന്ന സന്ദര്‍ഭം ഒരിക്കലും ഉണ്ടായിക്കൂടാ. പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കാന്‍ പൊലീസ് അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ബന്ദ് നടത്തി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ തടസപ്പെടുത്താനാണ് കെ.എസ്.യു നീക്കമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
പൂക്കോട് വെറ്റിറനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ മാര്‍ച്ചിനെതിരെയാണ് പൊലീസ് മര്‍ദ്ദനമുണ്ടായത്. സിദ്ധാര്‍ത്ഥനെ കൊന്നത് എസ്.എഫ്.ഐ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി, എസ്.എഫ്.ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകര്‍ക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിറനറി സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിലാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്.