വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

യറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍. എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ശരിയായ അളവില്‍ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കില്‍ വരണ്ട ചര്‍മം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകള്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

Top