അന്താരാഷ്ട്ര വിമാന സര്‍വീസ് അടുത്തമാസം മുതല്‍ തുടങ്ങുമെന്ന് സൂചന നല്‍കി വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസ് അടുത്തമാസം മുതല്‍ പുനരാരംഭിക്കാനാണ് ആലോചനയെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാനമന്ത്രി തിരുത്തി.

35 നഗരങ്ങളില്‍നിന്നാണ് ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂയെന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളിയിരിക്കുകയാണ്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ സര്‍വീസ് തുടങ്ങാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ അത്രയും കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.

വിമാനയാത്രക്ക് ആരോഗ്യസേതു വേണമെന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തിരുന്നു. മുതിര്‍ന്നപൗരന്മാരുടെ യാത്ര ഒഴിവാക്കണമെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍ അസുഖമില്ലെങ്കില്‍ യാത്രയാകാമെന്ന് ഹര്‍ദീപ് സിംഗ് പുരി പിന്നീട് തിരുത്തി. അതേ സമയം സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം തള്ളി തിങ്കളാഴ്ച ആഭ്യന്തര സര്‍വ്വീസ് തുടങ്ങുന്നതില്‍ മഹാരാഷ്ട്രയും തമിഴ്നാടുമാണ് എതിര്‍പ്പറിയിച്ചിരുന്നു.

Top