പരീക്ഷ നാളെ മുതല്‍ ആരംഭിക്കും, ചോദ്യക്കടലാസിന്റെ അച്ചടി പൂര്‍ത്തിയായി; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ പ്ലസ് വണ്‍ ചോദ്യക്കടലാസുകളുടെ അച്ചടി പൂര്‍ത്തിയായില്ലെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. പരീക്ഷ ചോദ്യക്കടലാസിന്റെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വ്യാജവാര്‍ത്ത നല്‍കുന്നതിന് പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മുന്‍പ് ഒറ്റത്തവണയായി നടന്നിരുന്ന അച്ചടിയും വിതരണവും തവണകളായത് ചെലവ് ഇരട്ടിപ്പിക്കുമെന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. 2021ല്‍ ഒമ്പത് തവണയായാണ് വിതരണം നടത്തിയത്. പല വര്‍ഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022ലെ പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറിച്ചു. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററിയില്‍ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പര്‍ എത്തിക്കണമെന്ന് വ്യാജവാര്‍ത്ത വന്നിരുന്നതായും മന്ത്രി കുറിച്ചു. എംബസി മുഖേന മുഴുവന്‍ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ചെലവ് പൂര്‍ണമായും ഗള്‍ഫ് സ്‌കൂളുകളാണ് വഹിക്കുന്നത്. വാര്‍ത്തകള്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും മന്ത്രി കുറിച്ചു.

പരീക്ഷാ നടത്തിപ്പിനുള്ള തുക പിഡി അക്കൗണ്ടില്‍ നിന്നും ചെലവഴിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ച് നിക്ഷേപിക്കുന്നതാണ്. 2023 മാര്‍ച്ച് പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്‌കൂളുകള്‍ക്കും തുക വിതരണം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കുന്നതിന് പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി കുറിച്ചു.

Top