അതിജീവിതകള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളാണ് ദുരിതപൂർണം; ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍ണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പീഡനത്തിനിരയാകുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങളെ കുറിച്ച് വിവരിച്ചത്.

നേരിട്ട ദുരിതങ്ങള്‍ പങ്കുവെയ്ക്കുന്നതിന് പോലും പലപ്പോഴും കഴിയാതെ വരുന്നു. ശരീരത്തിനേല്‍ക്കുന്ന പീഡനങ്ങള്‍ക്കപ്പുറം സമൂഹത്തില്‍നിന്നുള്ള പരിഹാസവും ദുഷ്‌പേരുമൊക്കെ അവരെ വേട്ടയാടുകയാണ്. അതിജീവിത അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴവും സങ്കീര്‍ണതയുമൊന്നും വിവരിക്കാനാകുന്നതല്ല.

‘എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്, ഇപ്പോള്‍ അവശേഷിക്കുന്നത് പുറന്തോട് മാത്രമാണ്’ ഒരു അതിജീവിതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അത്രയേറെയാണ് അവരുടെ വിഷാദം. ഈ ദുരിതാവസ്ഥയില്‍നിന്ന് പുറത്തുകടക്കാനായില്ലെങ്കില്‍ പഴയ ജീവതത്തിലേക്ക് ഒരിക്കലും മടങ്ങിയെത്താനാകില്ല. ആവശ്യമായ പരിചരണവും പിന്തുണയും അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവേകപൂര്‍വവും ആദരവോടെയും പരിഗണിക്കുമെന്നും അവര്‍ പറയുന്നത് വിശ്വാസിക്കുമെന്നുമുള്ള ഉറപ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.

അതിജീവിതകളെ സഹായിക്കാനായി രൂപീകരിച്ച വണ്‍സ്റ്റോപ്പ് സെന്റര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്ടിം റൈറ്റസ് സെന്റര്‍(വി.ആര്‍സി.) സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച വിക്ടിം ലെയ്‌സണ്‍ ഓഫീസര്‍ എന്നിവയുടെ സേവനം കാര്യക്ഷമമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കോടതി നിര്‍ദേശങ്ങള്‍…

* ലൈംഗികാതിക്രത്തിന് ഇരയാകുന്നവര്‍ക്ക് പരാതിയുന്നയിക്കാനുള്ള ടോള്‍ഫ്രീ നമ്പര്‍ 112 തുടര്‍ച്ചയായി പ്രസിദ്ധീകരിക്കണം.
* ലൈംഗികാതിക്രമത്തിനിരയാകുന്നര്‍ ഈ നമ്പരിലും പോലീസ് കണ്‍ട്രോള്‍റൂം നമ്പറായ 100-ലും പരാതിയുന്നയിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
* ഇത്തരം കോളുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കണം. കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ എല്ലാ സഹായവും ലഭ്യമാക്കണം
* ടോള്‍ ഫ്രീ നമ്പറില്‍ വിളി വന്നാല്‍ ഉടനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറണം. അവര്‍ അതിജീവിതയെ ഉടന്‍ നേരിട്ട് ബന്ധപ്പെടണം.
* അതിജീവിതയുടെ വീട്ടില്‍വെച്ചോ അതല്ലെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് വെച്ചോ മാത്രമെ മൊഴി രേഖപ്പെടുത്താവു. മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒപ്പം രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ഉണ്ടെന്നത് കഴിവതും ഉറപ്പാക്കണം.
* വിക്ടിം ലെയ്‌സൺ ഓഫീസറുടെ സഹായവും ഉടന്‍ ലഭ്യമാക്കണം. അവര്‍ ഉടന്‍ അതിജീവിതയെ ബന്ധപ്പെടണം
* വണ്‍സ്റ്റോപ്പ് ക്രൈസിസ് സെന്റര്‍, വി.ആര്‍.സി.എന്നിവയുടെ നമ്പറും നൽകണം
* അതിജീവിത സാധാരണ ജിവതത്തിലേയ്ക്ക് മടങ്ങിയെത്തുംവരെ ആവശ്യമായ എല്ലാ സഹായവും ലഭ്യാക്കണം
* രഹസ്യ മൊഴി നൽകുന്നതിലടക്കം ആവശ്യമായ സഹായവും ലഭ്യമാക്കണം

തുടര്‍ നടപടികള്‍ക്കായി ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു

Top