മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും

കോഴിക്കോട്: മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. എം.എസ്.എഫ്- ഹരിത തര്‍ക്കത്തില്‍ വിവാദം ഇനിയും അവസാനിക്കാത്തതിനാല്‍ ഇന്നത്തെ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകും. മുസ്‌ലിം ലീഗ് ഉപസമിതി സമര്‍പ്പിച്ച പ്രവര്‍ത്തന നയരേഖയിലും ചര്‍ച്ച നടക്കും. ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് യോഗം. വനിതാ കമ്മീഷനില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായി നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലീം ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം ഹരിത നേതൃത്വം തള്ളിയ സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി യോഗം ചര്‍ച്ച ചെയ്യും.

ഹരിതയെ പിന്തുണച്ചും മുസ്ലീം ലീഗ് നേതൃത്വത്തെ കുറ്റപെടുത്തിയും എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തമ തെഹ്ലിയ നടത്തിയ പരാമര്‍ശങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഫാത്തിമ തഹാലിയക്കെതിരെ നടപടിവേണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നേക്കും. തെരെഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ആഴ്ച്ച ചേരാനിരിക്കുന്ന പ്രവര്‍ത്തകസമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കല്‍, സംഘടനാ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങളാലോചിക്കാന്‍ ചുതലപെടുത്തിയ ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനമെടുക്കല്‍ എന്നിവയാണ് യോഗത്തില്‍ അജണ്ടയായി നിശ്ചയിച്ചിട്ടുള്ളത്.

Top