മെഡിക്കല്‍ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി; ഡ്രെസിങ് റൂം തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധ രാത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രെസിങ്് റൂം അടിച്ചുതകര്‍ത്തു.പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതോടെ തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പകച്ചുപോയി. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി. ഇയാളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

Top