‘മാധ്യമങ്ങൾ കങ്കാരു കോടതികൾ സംഘടിപ്പിക്കുകയാണ്’; വിമർശിച്ച് ചീഫ് ജസ്റ്റിസ്

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പല സമയത്തും മാധ്യമങ്ങള്‍ അതിര് കടക്കുകയാണ്. ചില വിഷയങ്ങളില്‍ പരിചയ സമ്പത്തുള്ള ജഡ്ജിമാര്‍ പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്ത് മാധ്യമങ്ങള്‍ കങ്കാരൂ കോടതികള്‍ സംഘടിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളോട് ജഡ്ജിമാര്‍ പ്രതികരിക്കാത്തത് ദൗര്‍ബല്യമായോ നിസ്സഹായാവസ്ഥയായോ മാധ്യമങ്ങള്‍ കാണരുത്. അച്ചടി മാധ്യമങ്ങള്‍ ഇപ്പോഴും ഒരു പരിധി വരെ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. എന്നാല്‍ ഇലക്ട്രോണിക് മീഡിയ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. മാധ്യമങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ കടന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

മാധ്യമ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സമയമാണിത്. എന്നാല്‍ സ്വയം നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ആവശ്യം. ദൃശ്യ സമൂഹ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ ബാഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ് ബി സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവയാണ് ചീഫ് ജസ്റ്റിസ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. നീതി നിര്‍വ്വഹണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് പല മാധ്യമങ്ങളിലും ചര്‍ച്ച നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ വ്യക്തമായ അജണ്ട മുന്‍ നിര്‍ത്തിയാണെന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു.

 

Top