വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തുന്നത്; ഹൈക്കോടതി

 

എറണാകുളം: വ്യക്തികളുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ഹൈക്കോടതി. പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയിലാണ് മാധ്യമങ്ങള്‍ക്കെതിരായ രൂക്ഷവിമര്‍ശനം. ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരെ നടന്നത് കടുത്ത മാധ്യമവേട്ടയാണെന്ന പ്രിയ വര്‍ഗീസിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് കോടതിയുടെ പരാമര്‍ശം.

വിധിയുടെ അന്ത്യഭാഗത്താണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണമുള്ളത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയെപ്പറ്റി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി മുറിയില്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍, പ്രിന്റ് മീഡിയയിലെ വിശകലനങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംയമനം പാലിച്ചില്ല. കോടതി മുറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ എത് വ്യക്തിയുടെ സ്വകാര്യതയും അന്തസും ഹനിക്കുന്ന നിലയില്‍ പുറത്തു ചര്‍ച്ചയാകരുതെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

 

പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഇന്ന് രാവിലെയാണ് പുറത്തുവന്നത്. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

Top