മാസ്‌ക് ധരിച്ചുള്ള ശബരിമല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുമെന്ന്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തില്‍ മാസ്‌ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. മാസ്‌ക് ധരിച്ച് മല കയറിയാല്‍ ശ്വാസം മുട്ടലുള്ളവര്‍ക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

തുലാമാസ പൂജകള്‍ക്ക് തീര്‍ഥാടകരെ പരീക്ഷാണാടിസ്ഥാനത്തില്‍ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഇതിനായുള്ള ആരോഗ്യ പ്രോട്ടോക്കോളില്‍ മലകയറുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് സാധാരണ നീലിമല കയറുമ്പോള്‍ പോലും ശ്വാസം എടുക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂക്കും വായും മൂടി മാസ്‌ക് ധരിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. പമ്പ മുതല്‍ സന്നിധാനം വരെ അഞ്ച് കീലോമീറ്റര്‍ ദൂരത്തിലാണ് നടന്ന് കയറേണ്ടത്.

പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ക്ക് പോലും മാസ്‌ക് ധരിച്ച് 25 മീറ്റര്‍ മാത്രമെ മലകയറാനാകു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സാധാരണ രീതിയില്‍ മലകയറുമ്പോള്‍ ശ്വാസ തടസമുണ്ടായാല്‍ പലയിടങ്ങളിലായുള്ള വിശ്രമത്തിലൂടെയാണ് അതിജീവിക്കുക. മാസ്‌ക് ധരിക്കുമ്പോള്‍ പതിവിലും കൂടുതല്‍ വിശ്രമിക്കേണ്ടി വരും. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ഭക്തര്‍ പരാമാവധി വേഗത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങണമെന്നാണ് നിര്‍ദേശം.
വേഗത്തില്‍ നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും മാസ്‌ക് ഒഴിവാക്കാമെന്നാണ് വിദ്ഗധരുടെ നിര്‍ദേശം.

Top