പെട്രോൾ എൻജിനോടെ മാരുതി സുസുക്കി എസ് ക്രോസ് എത്തുന്നു

മാരുതി സുസുക്കി എസ് ക്രോസ് ശേഷിയേറിയ പെട്രോൾ എൻജിനോടെ ഈ വർഷം അവസാനം വിപണിയിൽ എത്തും. സ്‌പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തിൽ 1.5 ലിറ്റർ പെട്രോൾ എൻജിനോടെയായിരിക്കും മാരുതി സുസുക്കി വിപണിയിൽ എത്തുക. പുതിയ മോഡലിൽ സ്മാർട് ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ഇരട്ട ബാറ്ററി സംവിധാനവും സുസുക്കി ലഭ്യമാക്കും.

മാരുതി സുസുക്കി അടുത്ത ഏപ്രിലിൽ ഡീസൽ കാറുകളുടെ ഉൽപ്പാദനവും വിൽപ്പനയും നിർത്തലാക്കുന്ന സാഹചര്യത്തിലാണ് എസ് ക്രോസിന്റെ പെട്രോൾ പതിപ്പിനെക്കുറിച്ചു കമ്പനി ആലോചിക്കുന്നത്. സെഡാനായ സിയാസിന്റെ പരിഷ്‌കരിച്ച പതിപ്പിനൊപ്പം അരങ്ങേറിയ കെ 15 ബി പെട്രോൾ എൻജിനാവും മാരുതി സുസുക്കി എസ് ക്രോസിൽ ലഭ്യമാക്കുക.

പെട്രോൾ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്‌സ് മാത്രമാണ് സുസുക്കി ലഭ്യമാക്കുക. പെട്രോൾ, ഡീസൽ എൻജിനുകളോടെ എസ് ക്രോസ് ഇപ്പോൾ ആഗോളതലത്തിൽ വിൽപ്പനയ്ക്കുണ്ട്. രാജ്യാന്തരതലത്തിൽ ഒരു ലീറ്റർ ടർബോ പെട്രോൾ, 1.4 ലീറ്റർ ടർബോ പെട്രോൾ, 1.6 ലീറ്റർ ഡീസൽ എന്നിവയാണുള്ളത്.

Top