മണിപ്പൂര്‍ കലാപത്തിന് കാരണം കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥ; വിദേശകാര്യമന്ത്രി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിന് കാരണം കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. മണിപ്പൂരില്‍ കലാപം ആരംഭിച്ച് അഞ്ചാം മാസത്തിലേക്ക് അടുക്കുമ്പോഴും സംസ്ഥാനം കത്തുകയാണ്. ഇതിനിടെയാണ് മണിപ്പൂര്‍ സംഘര്‍ഷത്തിന് കുടിയേറ്റവും കാരണമായെന്ന കേന്ദ്ര വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥ മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ കാരണങ്ങളിലൊന്നാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. മണിപ്പൂരില്‍ മുഖ്യമന്ത്രിയെ പുറത്താക്കി സമാധാനം പുനസ്ഥാപിക്കണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. 147 ദിവസമായിട്ടും പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയം ലഭിച്ചിട്ടില്ല. മണിപ്പൂര്‍ യുദ്ധക്കളമായി മാറിയതിന് കാരണം ബിജെപി എന്നും ഖര്‍ഗെ കുറ്റപ്പെടുത്തി.

കലാപത്തിനിടെ രണ്ട് മെയ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ സിബിഐ സംഘം ഇംഫാലില്‍ എത്തിയിട്ടുണ്ട്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്‌നാഗറുടെ നേതൃത്വത്തിലുള്ളതാണ് സംഘം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് സംസാരിച്ചതിന് പിന്നാലെയാണ് സിബിഐ സംഘം മണിപ്പൂരില്‍ എത്തിയത്.

Top