ഉത്തേജക പരിശോധനാ ഫലങ്ങളില്‍ കൃത്രിമത്വം: റഷ്യയ്ക്ക് തിരിച്ചടി

ടോക്കിയോ: ലോക ഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാന കായികമേളകളില്‍ നിന്നെല്ലാം റഷ്യയെ വിലക്കാന്‍ സാധ്യത. റഷ്യ സമിതിയ്ക്ക് കൈമാറിയ താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

സംഭവത്തില്‍ മൂന്നാഴ്ചക്കകം ബന്ധപ്പെട്ട ഏജന്‍സിക്ക് കൃത്യമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതി റഷ്യയോട് നിര്‍ദേശിച്ചിരിക്കുന്നത്. സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ റഷ്യക്ക് ലോക ചാമ്പ്യന്‍ഷിപ്പും 2020ലെ ടോക്കിയോ ഒളിമ്പിക്‌സും അടക്കമുള്ള കായികമേളകള്‍ നഷ്ടമാകും.

കഴിഞ്ഞ ജനുവരിയിലാണ് മോസ്‌കോ ലബോറട്ടറിയിലേക്ക് താരങ്ങളുടെ പരിശോധനാ ഫലങ്ങള്‍ റഷ്യ കൈമാറിയത്. അത്ലറ്റിക് താരങ്ങളുടെ ഉത്തേജക പരിശോധന ഫലങ്ങളില്‍ ഗുരുതരമായ പിശകുകളുണ്ടെന്നാണ് ലോക ഉത്തേജക വിരുദ്ധ സമിതി പിന്നീട് കണ്ടെത്തുകയായിരുന്നു.

2015 നവംബറില്‍ റഷ്യയെ അത്റ്റിക്‌സില്‍ നിന്ന് വിലക്കിയിരുന്നു. ഇതേത്തുടര്‍ന്ന് റിയോ ഒളിമ്പിക്‌സിലും ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും റഷ്യക്ക് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. റഷ്യന്‍ ഉത്തേജക വിരുദ്ധ സമിതിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോക ഉത്തേജക വിരുദ്ധ സമിതി കുറ്റമുക്തരാക്കിയിരുന്നു. ഇതോടെ, റഷ്യയ്ക്ക് വീണ്ടും ലോകവേദികളില്‍ അവസരം ലഭിച്ചെങ്കിലും പുതിയ നീക്കം കടുത്ത തിരിച്ചടിയാകും നല്‍കുക.

Top