ജപ്പാനിൽ ഷിൻസോ ആബേയെ വെടിവെച്ചയാൾ മുൻ നാവിക സേന അംഗം

ടോക്യോ: ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയെ വെടിവെച്ചയാളെ തിരിച്ചറിഞ്ഞു. പ്രതി മുൻ നാവിക സേന അം​ഗമായ യാമാഗാമി തെത്സൂയ എന്ന ആളാണ്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രെമിക്കാതെ പ്രതി അവിടത്തന്നെ നിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ആക്രമണത്തെ തുടർന്ന് ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. സംഭവത്തെക്കുറിച്ച് നയതന്ത്രപ്രതിനിധിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവരങ്ങൾ അന്വേഷിച്ചു.

ജപ്പാനിലെ നാര നഗരത്തിൽ വെച്ച് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ആബേയ്ക്ക് വെടിയേറ്റത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പിന്നിൽ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതി‍ര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനിൽ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഓഗസ്റ്റിൽ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

Top