സ്കൂളിൽ പോകാനിറങ്ങിയ 15 കാരനെ പീഡിപ്പിച്ചയാൾക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് 15 വയസ്സുകാരനെ ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് ഉത്തരവ്. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിനെയാണ് (54) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.സോമൻ ശിക്ഷിച്ചത്. 2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടിയെ അതുവഴി വന്ന പ്രതി സ്കൂളിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് തന്റെ ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്.

നേരത്തെ ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ നാല്പത്തിയഞ്ചുകാരന് 25 കൊല്ലം കഠിന തടവും 75, 000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിരുന്നു. തളിക്കുളം സ്വദേശി പ്രേംലാലിനെയാണ് കോടതി ശിക്ഷിച്ചത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ തളിക്കുളം കാളകൊടുവത്ത് പ്രേംലാലിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്. കഴിഞ്ഞ കൊല്ലം ജനുവരിയില്‍ മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി തളിക്കുളത്തെ ബന്ധു വീട്ടിലായിരുന്നു താമസിച്ചത്.

ഈ സമയത്താണ് തൊട്ടടുത്ത വീട്ടിലെ ഒന്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കരഞ്ഞ് കൊണ്ടു ഓടിയ കുഞ്ഞ് അമ്മയോടും അമ്മൂമ്മയോടും വിവരം പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത വലപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടർ ലിജി മധു കോടതിയിൽ ഹാജരായി.

സമാനമായ മറ്റൊരു സംഭവത്തില്‍ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കോഴിക്കോട് കായക്കൊടി സ്വദേശി റാഷിദ് അബ്ദുള്ള കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളുള്ള ഇയാളെ വയനാട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

Top