ബോട്ടിലിടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോയെന്ന് രക്ഷപ്പെട്ടയാള്‍

കൊച്ചി: പുറം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തെ കുറിച്ച് രക്ഷപ്പെട്ടവര്‍. അപകടസമയം മറ്റെല്ലാവരും ഉറക്കത്തിലായിരുന്നുവെന്നും ബോട്ട് നെടുകെ പിളര്‍ന്നെന്നും നാല് മണിക്കൂര്‍ കടലില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്നും ഇടിച്ച കപ്പല്‍ അല്‍പനേരം നിര്‍ത്തിയ ശേഷം ഓടിച്ചുപോവുകയായിരുന്നെന്നും ബോട്ട് ഓടിച്ച എഡ്വിന്‍ പറഞ്ഞു.

ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പലായ എം.വി.ദേശശക്തിയാണെന്ന് കണ്ടെത്തി. കപ്പല്‍ ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോകുന്ന വഴിയാണ് ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ യുഗനാഥന്‍ (45), മണക്കുടി (50), യാക്കൂബ് (57) എന്നിവരാണു മരിച്ചത്. കപ്പലില്‍ 15 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 3 പേരെ രക്ഷപ്പെടുത്തി. 9 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. മുനമ്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.

ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കുളച്ചല്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുകയാണ്.

Top