തൃശൂരിൽ യുവാവിനെ പെട്രോൾ പമ്പിൽ തീ കൊളുത്തി, വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

തൃശൂര്‍: സിനിമയുടെ ചിത്രീകരണമാണോ എന്ന് സംശയിച്ചവരെ ഞെട്ടിച്ച യഥാര്‍ത്ഥ ആക്രമണം പരിഭ്രാന്തി പരത്തി.

തൃശൂര്‍ കോടാലിയിലെ പെട്രോള്‍ പമ്പിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബൈക്കിലും സ്‌കൂട്ടറിലുമായി പെട്രോള്‍ അടിക്കാന്‍ എത്തിയവര്‍ തമ്മില്‍ നടന്ന വാക്കു തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപാ നോട്ടുകളായാണു ലഭിച്ചത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുത്തപ്പോള്‍ പിന്നില്‍ ക്യൂ നിന്നിരുന്ന വിനോദുമായി തര്‍ക്കമുണ്ടായി.

തര്‍ക്കം ‘പരിധി’ വിട്ടപ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പരിക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാങ്കുറ്റി സ്വദേശി വട്ടപ്പറമ്പില്‍ വിനീതാണ് തീ കൊളുത്തിയത്.

പെട്രോള്‍ പമ്പ് ജീവനക്കാരും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കേരളത്തെ ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്ത ഉണ്ടാവുമായിരുന്നു.

പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top