‘ധ്രുവനച്ചത്തിരം’ റിലീസ് ചെയ്യാനുള്ള പദ്ധതിയുമായി അണിയറക്കാര്‍; ആടുജീവിതവുമായി ക്ലാഷിന് സാധ്യത

റെ വര്‍ഷങ്ങളായി തമിഴ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്‍-ചിയാന്‍ വിക്രം ടീമിന്റെ ‘ധ്രുവനച്ചത്തിരം’. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ധ്രുവനച്ചത്തിരം ഈ മാസം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രശ്‌നങ്ങളും അവസാനിച്ചതായും ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതവും ഈ മാസം 28 നാണ് റിലീസ് ചെയ്യുന്നത്. ധ്രുവനച്ചത്തിരവും ഇതേദിവസമെത്തിയാല്‍ ഒരു വമ്പന്‍ ക്ലാഷ് റിലീസ് തന്നെ പ്രതീക്ഷിക്കാം. ആടുജീവിതത്തിലേക്ക് ചിയാന്‍ വിക്രമിനെ ആദ്യം പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവ നച്ചത്തിരത്തില്‍ വേഷമിടുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം.

Top