The main enemy of the Sangh parivar is pinaray – new longer secular combination

ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും നമ്പര്‍വണ്‍ ശത്രു രാഹുല്‍ ഗാന്ധിയും കെജ്‌രിവാളും നിതീഷ് കുമാറുമൊന്നുമല്ല അത് സാക്ഷാല്‍ പിണറായി വിജയനാണ്.

രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ സി പി എമ്മിനേക്കാള്‍ വലിയ സ്വാധീനം കോണ്‍ഗ്രസ്സ് അടക്കമുള്ള ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുവായ നേതാവ് പിണറായി വിജയന്‍ മാത്രമാണ്.

മോദിയുടെ മൂക്കിന് താഴെ ഇരുന്ന് നിരന്തരം വെല്ലുവിളി ഉയര്‍ത്തുകയും മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് യോഗ്യത സംബന്ധിച്ച് പോലും വിവാദമുണ്ടാക്കുകയും ചെയ്ത കെജ്‌രിവാളിനോട് പോലും ഇത്രയും കടുത്ത ശത്രുത സംഘപരിവാര്‍ കാണിച്ചിട്ടില്ല.

രാജ്യത്ത് തന്നെ ആര്‍ എസ് എസിന് ഏറ്റവും അധികം ശാഖകളും രക്തസാക്ഷികളും ഉളള ഏക സംസ്ഥാനമായ കേരളത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ആര്‍ എസ് എസ് നേതൃത്വം നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്.

ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരെ സി പി എം കൊന്നൊടുക്കുകയാണെന്നും ഇതിന് മുഖ്യമന്ത്രി പിണറായി കുട പിടിക്കുകയുമാണെന്നുമാണ് സംഘപരിവാറിന്റെ ആരോപണം. അതുകൊണ്ട് തന്നെ രാജ്യത്ത് ഒരിടത്തും മുഖ്യമന്ത്രി പിണറായിയെ കാലു കുത്താന്‍ അനുവദിക്കില്ലന്നാണ് പ്രഖ്യാപനം.

ഭോപ്പാലില്‍ മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തിരിച്ച പിണറായിയെ സംഘ പരിവാറിന്റെ പ്രതിഷേധം ചൂണ്ടി കാട്ടി മുന്‍പ് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ഇതിനു ശേഷം മംഗളുരുവില്‍ സി പി എം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലിയില്‍ പിണറായി പങ്കെടുക്കുന്നത് മുടക്കാന്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയുണ്ടായി.

എന്നാല്‍ വെല്ലുവിളി അവഗണിച്ച് പിണറായി മംഗളൂരുവില്‍ എത്തുകയും ആര്‍ എസ് എസിനെതിരെ ആഞ്ഞടിക്കുകയുമാണ് ഉണ്ടായത്.

തുടര്‍ന്ന് രാജ്യവ്യാപകമായി പിണറായിക്കെതിരെ നിലപാട് ശക്തമാക്കാന്‍ ആര്‍ എസ് എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇതിന്റെ ഭാഗമായി സി പി എം സ്വാധീന സംസ്ഥാനമായ ബംഗാളിലും സംഘപരിവാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

എന്നാല്‍ ആര്‍ എസ് എസ് ഭീഷണി അവഗണിച്ച് പിണറായിയെ മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പരിപാടികളില്‍ കൂടുതല്‍ സജീവമാക്കി മറുപടി നല്‍കാനാണ് സി പി എം കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി മാര്‍ച്ച് 19ന് ഹൈദരാബാദില്‍ നടക്കുന്ന 2 ലക്ഷം കര്‍ഷകര്‍ പങ്കെടുക്കുന്ന റാലിയില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിനൊപ്പം പിണറായിയെയും പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു.

പിണറായിയെ തടയാന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഒരു ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകനും പുറത്തിറങ്ങാന്‍ കഴിയില്ലന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പു നല്‍കുകയുണ്ടായി.

ഇതിന്റെ തൊട്ട് പിന്നാലെയാണിപ്പോള്‍ മധ്യപ്രദേശിലെ പ്രമുഖ ആര്‍ എസ് എസ് നേതാവായ ഡോ ചന്ദ്രാവത്ത് പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലം എംപിയുടെയും എം എല്‍ എയുടെയും സാന്നിധ്യത്തിലാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

തന്റെ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റിട്ടായാലും പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നാണ് ചന്ദ്രാവത്തിന്റെ പ്രഖ്യാപനം.

ആര്‍ എസ് എസ് നേതാവിന്റെ ഈ പ്രഖ്യാപനം ദേശീയ മാധ്യമങ്ങളിലടക്കം വന്‍ വിവാദമായതോടെ നേതാവിനെ തള്ളി പറഞ്ഞ് സംഘപരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആര്‍ എസ് എസിന്റെയും ബിജെപിയുടെയും നിലപാടല്ലന്നാണ് നേതൃത്വത്തിന്റെ വാദം.

എന്നാല്‍ ഈ വിശദീകരണംകൊണ്ടൊന്നും വിവാദം കെട്ടടിങ്ങിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ പിണറായിക്ക് ‘ഊരു ‘ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയും ഇതോടൊപ്പം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇതോടെ സംഘപരിവാറിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പിണറായിക്ക് വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രി യു.ടി ഖാദര്‍ തന്നെ പരസ്യമായി പിണറായിയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരുന്നു. പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലാത്തവരാണ് ഹര്‍ത്താലുമായി രംഗതെത്തിയതെന്നായിരുന്നു മംഗളുരുവിലെ സംഘപരിവാര്‍ പ്രതിഷേധത്തിന് മന്ത്രി കൊടുത്ത മറുപടി.

ഇപ്പോഴത്തെ വധഭീഷണി കൂടി വന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് പിണറായി മാറി കഴിഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഒഴികെയുള്ള മതേതര പാര്‍ട്ടികളുടെ വിപുലമായ സഖ്യം അനിവാര്യമാണെന്ന് കരുതുന്ന സി പി എമ്മിന് ആ സഖ്യത്തിന്റെ പ്രചരണ തലപ്പത്ത് ഉയര്‍ത്തി കാട്ടാനുള്ള പ്രധാന മുഖമായി ഇനി പിണറായി വിജയന്‍ മാറുമെന്ന കാര്യം ഉറപ്പാണ്.

സംഘപരിവാറുമായി പോരാടുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഇനി ദേശീയ രാഷ്ട്രീയത്തില്‍ പിണറായിയുടെ സ്ഥാനം.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കമുള്ള മറ്റ് മോദി ‘വിരുദ്ധര്‍ ‘അവസരം ലഭിക്കുമ്പോള്‍ മറുകണ്ടും ചാടാന്‍ വിദ്ഗദരായതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും ഈ മൂന്ന് പേര്‍ക്കാണ് നിലവില്‍ പ്രാമുഖ്യം കൂടുതല്‍ ഉണ്ടാവുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടി കാട്ടുന്നത്.

Top