the main crisis in tamilnadu is jayalalitha not decide her successor

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് യഥാർത്ഥ കാരണക്കാരി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത തന്നെ !

തമിഴകത്തിന്റെ ചരിത്രം തിരുത്തിയെഴുതി തുടർ ഭരണത്തിന് കളമൊരുക്കിയ തന്റെ രണ്ടാമൂഴത്തിലെങ്കിലും ഒരു പിൻഗാമിയെ ജയലളിത വളർത്തി കൊണ്ട് വന്നിരുന്നുവെങ്കിൽ ഇത്രയും ദയനീയ അവസ്ഥയിലേക്ക് തമിഴകം ചെന്നെത്തില്ലായിരുന്നു.

മികച്ച നിരവധി സംഘാടകർ അണ്ണാ ഡിഎംകെയിലുണ്ടെങ്കിലും ജയലളിതയെ പോലെ ജനങ്ങളെ ആകർഷിക്കുന്ന ഒരു നേതാവ് ആ പാർട്ടിയിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
അങ്ങനെ ഒരു നേതാവിനെ ജയലളിതയായിട്ട് ഉയർത്തി കൊണ്ട് വരാതിരുന്നതാണോ ,അതോ സഹോദര പുത്രി ദീപ ആരോപിച്ചത് പോലെ കൂടെയുള്ള ചില ശക്തികൾ അതിന് അനുവദിക്കാതിരുന്നതാണോ എന്നതിലാണ് ഇനി വ്യക്തതവരേണ്ടത്.

ജയലളിതയെ പോലെ കരുത്തുറ്റ ഒരു ഭരണാധികാരിയെ ആർക്കെങ്കിലും തടയാനും നിയന്ത്രിക്കുവാനും പറ്റുമോയെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.

ഡി എം കെയെ പോലെ കേഡർ സ്വഭാവമുള്ള പാർട്ടിയല്ലാതിരുന്നിട്ടും തമിഴ്നാട്ടിലെ ഏറ്റവും വലിയ പാർട്ടിയാകാൻ അണ്ണാ ഡിഎംകെക്ക് കഴിഞ്ഞത് ജയലളിതയുടെ കരുത്തുറ്റ നേതൃത്വം ഒന്നുകൊണ്ട് മാത്രമാണ്.

രാഷ്ട്രീയ ഗുരു കൂടിയായ മുൻ മുഖ്യമന്ത്രി എം ജി ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കപ്പെട്ട ജയലളിതക്ക്, തന്റെ കാലശേഷം അത്തരമൊരു സാഹചര്യം പാർട്ടിയിൽ ഉണ്ടാകരുതെന്ന് മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു.

എം ജി ആറിന് മുൻപ് പറ്റിയ ആ വലിയ തെറ്റ് ഇപ്പോൾ ജയലളിതക്കും പറ്റിയിരിക്കുന്നു എന്ന് വ്യക്തം.

എം ജി ആറിന്റെ മരണശേഷം നടന്ന സംഭവങ്ങളുടെ തനിയാവർത്തനമാണ് ഇപ്പോൾ തമിഴകത്ത് അരങ്ങേറികൊണ്ടിരിക്കുന്നത്..

എം ജി ആറിന് ശേഷം മുഖ്യമന്ത്രി പദവും പാർട്ടി നേതൃസ്ഥാനവും അദ്ദേഹത്തിന്റെ ഭാര്യ ജാനകിയുടെ കൈകളിലെത്തിയപ്പോൾ ജനങ്ങളും സാധാരണ പാർട്ടി അണികളും ജയലളിതയുടെ കൂടെയായിരുന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയകളും ചാനലുകളും ഒന്നും ഇല്ലാത്ത ഒരു കാലത്തായിരുന്നു അതെന്ന് ഓർക്കണം.

എം ജി ആറിന്റെ മൃതദേഹം വഹിച്ച വാഹനത്തിൽ നിന്ന് ജയലളിതയെ ജാനകി അനുകൂലികൾ വലിച്ച് താഴെയിട്ട് മർദ്ദിച്ചതും തമിഴ്നാട് നിയമസഭയിൽ വസ്ത്രാക്ഷേപത്തിന് അവർ ഇരയായതുമെല്ലാം .. ജയലളിതയെ കരുത്തുറ്റ നേതാവാക്കി ഉയർത്താനാണ് വഴി ഒരുക്കിയിരുന്നത്.

തന്നോട് ദ്രോഹം ചെയ്തവരോടെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിച്ച ചരിത്രവും ജയലളിതക്കുണ്ട്. പല തവണ തമിഴ്നാട് മുഖ്യമന്ത്രിയായ കരുണാനിധിയെ അടിവസ്ത്രത്തോടെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയ ജയലളിതയുടെ പൊലീസിന്റെ നടപടി രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിക്കുന്നതായിരുന്നു.

ഡിഎംകെ നേതാവായ അന്നത്തെ കേന്ദ്ര മന്ത്രി ടി.ആർ ബാലു ഉൾപ്പെടെയുള്ളവരെ പൊലീസിനെ തടഞ്ഞതിന് കസ്റ്റഡിയിലെടുക്കുക കൂടി ചെയ്തതോടെ ദേശീയ രാഷ്ട്രീയ രംഗത്തും ജയലളിത ഹീറോയായി മാറി.

നിയമസഭയിൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ ഡിഎംകെ അംഗങ്ങളിൽ നിന്ന് ഏൽക്കേണ്ടി വന്ന അപമാനത്തിനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള ഈ ആക്ഷൻ.

ജയലളിത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ സഹോദര പുത്രി ദീപ ജയകുമാറിനെ കാണാൻ അനുവദിക്കാതെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചതും ഇതിനെതിരെ അപ്പോളോ ആശുപത്രിക്ക് മുന്നിൽ തന്നെ ദീപ പൊട്ടിത്തെറിച്ചതും ജയലളിതക്ക് എംജിആറിന്റെ മരണത്തെ തുടർന്ന് അനുഭവിക്കേണ്ടിവന്ന അവഗണനക്ക് സമാനമായി വിലയിരുത്താവുന്നതാണ്.

ജയലളിതയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച് പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം അനവധി ആളുകൾ ആദരാഞ്ജലി അർപ്പിച്ച ഇടത്തിലും അവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവിൽ ആരവം ഒഴിഞ്ഞ് എല്ലാവരും സ്ഥലം വിട്ടതിന് ശേഷം മാത്രമാണ് ദീപക്ക് ജയലളിതയുടെ സമാധിയിൽ ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞത്.

ജയലളിത പൊളിറ്റിക്കൽ സയൻസ് പഠിപ്പിച്ച ഈ സഹോദര പുത്രിയെ പലരും ഭയപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ജയലളിത കാണണമെന്ന് പറഞ്ഞ് ആളെ അയച്ചതിനെ തുടർന്ന് പോയസ് ഗാർഡനിലെത്തിയപ്പോൾ പിന്നീട് കാണാൻ അനുവദിക്കപ്പെടാതെ തിരിച്ചയക്കപ്പെടുന്ന സാഹചര്യം നിരവധി തവണ തനിക്കുണ്ടായെന്ന് ദീപ തന്നെ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്.

ജയലളിത ആരെയാണ് ഭയപ്പെട്ടിരുന്നത്…അല്ലങ്കിൽ അനുസരിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നത് എന്നതിൽ തന്നെയുണ്ട് എല്ലാറ്റിനുമുള്ള ഉത്തരം

അവിഹിത സ്വത്ത് സമ്പാദന കേസിൽ ബാംഗ്ലൂരിൽ ജയിലിലടക്കപ്പെട്ടത് മുതൽ ഈ കേസിന്റെ ഗതിയിൽ ജയലളിതക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു.

കൂട്ട് പ്രതിയായ ശശികലയും ബന്ധുക്കളും ചുവട് മാറ്റിയാൽ വീണ്ടും അഴിക്കുള്ളിലാവുമെന്ന് ഉറപ്പുള്ള ഒരു അവസ്ഥ. ഇത് തന്നെയാവണം ആരോഗ്യപരമായി വളരെ ദയനീയ അവസ്ഥയിലായപ്പോൾ പോലും തന്റെ പിൻഗാമിയെ കുറിച്ച് അവർ ചിന്തിക്കാതിരുന്നതിന് കാരണവും.

തന്റെ പിൻഗാമിയെ കുറിച്ച് രോഗാവസ്ഥയിൽ കിടക്കുമ്പോൾ മാത്രമല്ല അതിന് മുൻപ് തന്നെ പാർട്ടി നേതാക്കളോടും ജനങ്ങളോടും വേണമെന്ന് വിചാരിച്ചിരുന്നുവെങ്കിൽ ജയലളിതക്ക് തുറന്നു പറയാമായിരുന്നു.അങ്ങനെ ഉറച്ച ഒരു തീരുമാനമെടുക്കാൻ ജയലളിത തീരുമാനിച്ച് കഴിഞ്ഞാൽ അത് തടയാൻ ആർക്കും തന്നെ കഴിയുമായിരുന്നുമില്ല.

നിയമപരമായ പ്രതിസന്ധിയുണ്ടാകുമ്പോൾ ഒരു ഡമ്മി മുഖ്യമന്ത്രിയായി ജയലളിത പലപ്പോഴും അവതരിപ്പിച്ച് പോന്നിരുന്ന പനീർശെൽവത്തിന്റെ പേര് പിൻഗാമിയായി അവർ ഒരു ഘട്ടത്തിൽ പോലും പറഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സഹോദര പുത്രി ദീപ ജയകുമാർ…വ്യക്തിപരമായി ഏറെ അടുപ്പമുള്ള തമിഴ് സൂപ്പർ താരം അജിത്ത്… എന്തിനേറെ ശശികലയെ തന്നെ പിൻഗാമിയായി ജയലളിത നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ ഒരു പ്രതിസന്ധിയും ഉണ്ടാവില്ലായിരുന്നു.

എന്നാൽ അനിവാര്യമായ ആ കടമ നിർവ്വഹിക്കാതെ ജയലളിത വിട പറഞ്ഞതാണ് ഇപ്പോൾ തമിഴകത്തെ തന്നെ അനാഥമാക്കിയ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം പാർട്ടി പ്രവർത്തകരോടും പാർട്ടിയോടും ചെയ്ത വലിയ ഒരു അപരാധമാണത്. അധികാര തർക്കത്തിന്റെ പേരിൽ തകർന്ന് തരിപ്പണമാകുന്ന അവസ്ഥയിലാണ് ജയലളിതയുടെ അണ്ണാ ഡി എം കെ ഇപ്പോൾ.

തമിഴകത്തെ ഏറ്റവും കരുത്തുറ്റ ഒരു ഭരണാധികാരിക്ക് പറ്റിയ വലിയ പിഴവിന്റെ പരിണിത ഫലം..

Team Express kerala

Top