മെകുനു: ഒരു കുട്ടി മരിച്ചു,നിരവധി പേര്‍ക്ക് പരുക്ക്, വന്‍ നാശനഷ്ടം

മസ്‌കത്ത്: മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സലാലയിലും വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു കുട്ടി മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറവാണ്.

pic-1

അതേസമയം, ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

mekunu-2

സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര്‍ തകര്‍ന്ന് വീണാണു 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി.
pic-4

സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം സ്വദേശി കുടുംബത്തിലെ ആറു പേരെയാണ് രക്ഷപ്പെടുത്തിയത്. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെയും മറ്റൊരു സ്ഥലത്ത് നിന്നും ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണു മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Top