മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി

ചെന്നൈ: തൃഷ, ഖുശ്ബു, നടന്‍ ചിരംഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മന്‍സൂര്‍ അലിഖാന്‍ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്.

ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, മാനനഷ്ട നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്‍സൂര്‍ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരംഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം.

മൂന്ന് താരങ്ങളില്‍നിന്നും ഒരു കോടിരൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശങ്ങളുടെപേരില്‍ ഇദ്ദേഹത്തിനെതിരെ തൃഷയായിരുന്നു മാനനഷ്ട ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു.

Top