സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി; മോഹന്‍ലാല്‍

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ കുണ്ടറ ജോണിക്ക് മോഹന്‍ലാല്‍ അനുസ്മരണം രേഖപ്പടുത്തി. വിടപറഞ്ഞത് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളെയാണെന്നും മോഹന്‍ലാല്‍ കുറിച്ചു. നിരവധി സിനിമകളില്‍ തന്റെ വില്ലനായി അഭിനയിച്ചുവെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ പച്ചമനുഷ്യന്‍ ആയിരുന്നു അദ്ദേഹം എന്നും മോഹന്‍ലാല്‍ രേഖപ്പെടുത്തി.

‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍’

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ജോണിയുടെ ആദ്യ ചിത്രം 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോല്‍, ആറാം തമ്പുരാന്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മേപ്പടിയാന്‍ ആണ് അവസാന ചിത്രം.

Top