സര്‍ക്കാരിനെതിരായ രണ്ട് കേസുകള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ലോകായുക്ത പരിഗണിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കോടതി ഇന്ന് ഉത്തരവ് പറയും.

രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. സര്‍ക്കാരിന്റെ വാദങ്ങളെ എതിര്‍ക്കുന്ന രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പ് ഇന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ ലോകായുക്തയില്‍ നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും.അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എം എല്‍ എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍

ഭേദഗതി വഴി ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം നിലനില്‍ക്കെയാണ് കേസുകള്‍ ഇന്ന് ലോകായുക്ത പരിഗണിക്കുന്നത്

 

Top