ലോകായുക്താ, സർവകലാശാല ബില്ലുകൾക്ക് ഉടൻ അംഗീകാരം നൽകിയേക്കില്ല; ​ഗവർണർ

തിരുവനന്തപുരം: സർവകലാശാല, ലോകായുക്ത നിയമങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ അംഗീകാരം നൽകിയേക്കില്ല. ഇത് സംബന്ധിച്ച ഫയൽ പരിശോധന തിങ്കളാഴ്ച ആയിരിക്കും തുടങ്ങുക. അതിനിടയിൽ വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ വ്യാഴാഴ്ച ഒപ്പിട്ടു.

കണ്ണൂർ വി സിക്കെതിരെയുള്ള നടപടികളും ഗവർണറുടെ ആലോചനയിലുണ്ട്. ലോകായുക്ത, സർവകലാശാല ബില്ലുകൾ സംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഗവർണർ പരിശോധിക്കും. ചർച്ചകളുടെ പരിഭാഷ ലഭ്യമാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഇരു നിയമങ്ങളെയും എതിർത്തതും നിയമവശങ്ങളും ​ഗവർണർ കണക്കിലെടുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമങ്ങളിൽ ഒപ്പിടാതിരുന്നാൽ അത് വീണ്ടും ഗവർണരും സർക്കാരും തമ്മിലുള്ള ഭിന്നതക്ക് ഇടയാക്കും. സർവകലാശാല നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. ചാൻസലറായി തുടരുകയാണെങ്കിൽ റബർ സ്റ്റാമ്പായി പ്രവർത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ അറിവില്ലാതെ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിന് എങ്ങനെയാണ് നിയമനം കിട്ടിയത്?. സർവകലാശാലകളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യോഗ്യതയില്ലാത്ത ബന്ധുക്കളെ നിയമിക്കാൻ അനുവദിക്കില്ലെന്നും രാഷ്ട്രീയമായി സർവകലാശാലകളെ കയ്യടക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സർക്കാരിന് ഏത് നിയമം കൊണ്ടുവരാനും ബില്ലുകൾ അവതരിപ്പിക്കാനും അവകാശമുണ്ട്. എന്നാൽ അത് നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നും തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ലെന്നും ഭരണടഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു

Top