ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച വനസംരക്ഷണ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വനസംരക്ഷണ ഭേദഗതി ബില്‍ കാര്യമായ ചര്‍ച്ചയോ മാറ്റമോ ഇല്ലാതെ ലോക്‌സഭ കടന്നു. ഇതിനിടെ, 1980 ലെ നിയമത്തിന്റെ പേരിലും സര്‍ക്കാര്‍ മാറ്റം വരുത്തി. വനംസരക്ഷണവും വനവര്‍ധനയും സംബന്ധിച്ച നിയമം എന്നാണ് ലോക്‌സഭ പാസാക്കിയ ബില്ലിലേത്. രാജ്യസഭ കൂടി പാസാക്കിയാല്‍ ബില്‍ നിയമമാകും. നേരത്തേ ബില്ലിലെ വ്യവസ്ഥകളില്‍, എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ 4 പ്രതിപക്ഷ എംപിമാര്‍ വിയോജിപ്പറിയിച്ചിരുന്നു.

ഇനി ബില്‍ നിയമമായാല്‍ 1927 ലെ ഇന്ത്യന്‍ വന നിയമപ്രകാരമോ 1980 ലെ നിയമം വന്ന ശേഷമുള്ള സര്‍ക്കാര്‍ രേഖകള്‍ പ്രകാരമോ വനം എന്നു വിജ്ഞാപനം ചെയ്യപ്പെട്ടവയ്ക്കു മാത്രമായിരിക്കും വനസംരക്ഷണ നിയമം ബാധകം. രാജ്യാന്തര അതിര്‍ത്തികളുടെ 100 കിലോമീറ്റര്‍ പരിധിയിലെ വനഭൂമി രാജ്യസുരക്ഷ പദ്ധതി, ഗതാഗത സൗകര്യം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നതിനു തടസ്സമില്ല. എന്നാല്‍, ദേശസുരക്ഷയുടെ പേരിലുള്ള ഇളവു വന്യജീവിസമ്പത്തിനെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

സ്വകാര്യ സ്ഥാപനത്തിനോ മറ്റോ വനഭൂമി അനുവദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കണം. 1980 നു മുന്‍പു വനഭൂമിയെന്നു വിജ്ഞാപനം ചെയ്യപ്പെടാതെ പോയവ, 1996 ഡിസംബര്‍ 12നു മുന്‍പു വനേതര ആവശ്യത്തിനായി മാറ്റിയ ഭൂമി എന്നിങ്ങനെ 2 വിഭാഗങ്ങള്‍ ബില്ലിന്റെ പരിധിയില്‍ ഒഴിവാക്കി. വനമെന്നു രേഖപ്പെടുത്താത്ത വനപ്രദേശത്തും സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധിക്ക് എതിരാകും ഇതെന്നു വിമര്‍ശനമുണ്ട്.

Top