‘പ്രിയ വര്‍ഗ്ഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണം’; ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ സർവകലാശാലയിലേക്കുള്ള അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. പട്ടികയിൽ രണ്ടാം റാങ്കിലുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവശ്യം. അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, പ്രിയ വര്‍ഗ്ഗീസിനെ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഉടനെ കോടതിയെ സമീപിക്കില്ല. നിയമനം മരവിപ്പിക്കാനുള്ള ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ആയി കണക്കാക്കാമോ എന്നതില്‍ വ്യക്തത തേടും. അതിനു ശേഷം മാത്രം കോടതിയെ സമീപിക്കാനാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

അതേ സമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നല്‍കിയ ജോസഫ് സ്കറിയ കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഡോ.ജോസഫ് സ്കറിയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം പ്രൊഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍.

കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പട്ടികയില്‍ ഒന്നാം റാങ്കുകാരനായ സ്കറിയയുടെ നിയമന നീക്കത്തില്‍നിന്നും വൈസ് ചാന്‍സലര്‍ പിന്‍മാറിയിരുന്നു. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.

Top