കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥിപ്പട്ടിക ഇന്ന്

കോഴിക്കോട്: കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും സ്ഥാനാർഥിപ്പട്ടിക ഡൽഹിയിൽ പുറത്തിറങ്ങും. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു.എന്നാൽ, സാധ്യതാപ്പട്ടികയുടെ പേരിൽതന്നെ യു.ഡി.എഫിൽ പലയിടത്തും പ്രതിഷേധം തുടരുകയാണ്.

ഇഷ്ടപ്പെട്ട നേതാക്കളെ അവർ ആഗ്രഹിച്ച മണ്ഡലത്തിൽ പരിഗണിക്കുന്നില്ലെന്നതാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുന്നതെന്ന വാർത്ത ശനിയാഴ്ച വലിയ പ്രതിഷേധത്തിനാണ് കാരണമായത്.ഒരു പ്രവർത്തകൻ വീടിന് മുകളിൽക്കയറി ആത്മഹത്യഭീഷണിവരെ ഉയർത്തി.

പിറവം സീറ്റിലേക്ക് സി.പി.എം. അംഗത്തെ സ്ഥാനാർഥിയാക്കിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും തലവേദനയായി. റാന്നി സീറ്റിലെ സ്ഥാനാർഥി പ്രമോദ് നാരായണനുമുണ്ട് എതിർപ്പ്. കുറ്റ്യാടിയിലെ ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥിയെ സി.പി.എം. സ്വീകരിക്കുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്.

തിരൂരങ്ങാടിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് വേണ്ടെന്നാണ് ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യം. കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലും സ്ഥാനാർഥിയെച്ചൊല്ലി ഭിന്നത നിലനിൽക്കുന്നു. യു.ഡി.എഫ്. അനുവദിച്ചുനൽകിയ മലമ്പുഴ സീറ്റ് വേണ്ടെന്നാണ് നാഷണലിസ്റ്റ് ഭാരതീയ ജനതാദളിന്റെ നിലപാട്.

ബി.ജെ.പി.യിൽ ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനോട് മത്സരിക്കാൻ ഒരുങ്ങിയിരിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചിട്ടുണ്ട്. നടൻ സുരേഷ് ഗോപി ഉൾപ്പെടെ വലിയൊരു സംഘം പട്ടികയിലുണ്ടാവുമെന്നാണ് സൂചന.

Top