പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൊന്മുടിയില്‍ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുന്‍വശത്ത് രാവിലെ 8.30 ഓടെയാണ് പുലിയെ കണ്ടത്. റോഡിലൂടെ കാട്ടിലേക്ക് പോവുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പൊന്മുടി സ്റ്റേഷനു മുന്‍വശത്തായി പൊലീസ് ഉദ്യോഗസ്ഥനാണ് പുള്ളിപ്പുലിയെ കണ്ടത്. ഉടന്‍ വനം വകുപ്പിനെ വിവരമറിയിച്ചു. റോഡിലൂടെ വനത്തിലേക്ക് നടന്നുപോകുന്നത് കണ്ടുവെന്നാണ് പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനായില്ല.

തലസ്ഥാന ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. ക്രിസ്മസ്-പുതുവത്സര അവധി സമയമായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. പുള്ളിപ്പുലിയുടെ സാന്നിധ്യം വളരെ ഗൗരവത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാണുന്നത്. പ്രദേശത്ത് തെരച്ചിലും നിരീക്ഷണവും ശക്തമാക്കി. പുള്ളിപ്പുലികള്‍ക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് പൊന്മുടിയില്‍ ഉള്ളത്. എന്നാല്‍ ഇതുവരെ പുള്ളിപ്പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top