ത്രിപുര തിരിച്ചുപിടിക്കാൻ ഇടതുപക്ഷം, മാണിക്ക് സർക്കാർ തന്നെ വീണ്ടും നയിക്കും

മൂന്ന് സംസ്ഥാനങ്ങളിൽ ഉടൻ തിരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അതിൽ ഏറെ സ്പെഷ്യൽ ത്രിപുരയിലെ ജനവിധിയായിരിക്കും. പ്രത്യയ ശാസ്ത്രപരമായി നേടിയ വിജയമെന്ന് സാക്ഷാൽ നരേന്ദ്ര മോദി തന്നെ വിശേഷിപ്പിച്ച ത്രിപുരയുടെ ഭരണം നിലനിർത്തേണ്ടത് ബി.ജെ.പിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. എന്നാൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ഭരണം തിരിച്ചു പിടിക്കേണ്ടത് സംഘപരിവാറിനെതിരായ പോരാട്ടത്തിൽ അനിവാര്യവുമാണ്. ആ ഒറ്റ ലക്ഷ്യം മുൻ നിർത്തി മതനിരപേക്ഷ ശക്തികളുടെ ശക്തമായ ഒരു പ്രതിരോധമാണ് ലക്ഷ്യം. നിലവിലെ ത്രിപുരയിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷത്തിന് അനുകൂലമാണ്.

കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽനിന്നു തുടച്ചുനീക്കാനുള്ള ആർഎസ്എസിന്റെ അതിമോഹമാണു ത്രിപുരയിൽ ബി.ജെ.പി സർക്കാറിനു കീഴിൽ നടന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലർത്തി ജനാധിപത്യത്തിനു പുതിയ നിർവചനം നൽകാനാണ് ആർഎസ്എസ് ശ്രമമെന്നും ഇതിനെ ഇത്തവണ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും സി.പി.എം ആഹ്വാനം ചെയ്യുമ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

manik

17 വർഷം തുടർച്ചയായി ത്രിപുര ഭരിച്ച മുൻ മുഖ്യമന്ത്രി മാണിക്ക് സർക്കാർ തന്നെയാണ് വീണ്ടും ഇടതുപക്ഷത്തെ നയിക്കുന്നത്. സംസ്ഥാന ജനസംഖ്യയില്‍ ഏഴ് ശതമാനമുള്ള മുസ്ളിം വോട്ടുകളിലും ഇടതിനു പ്രതീക്ഷ ഏറെയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ ത്രിപുരയിലെയും തീവ്രവാദത്തിന് അടിസ്ഥാനം ആദിവാസികളും അല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ്. ത്രിപുരയിലെ ഭൂരിപക്ഷവും ആദിവാസികളായിരുന്നു. എന്നാല്‍ കിഴക്കന്‍ പാകിസ്ഥാന്റെ രൂപീകരണത്തോടെ ഹിന്ദു ബംഗാളികള്‍ ത്രിപുരയിലേക്ക് കുടിയേറുകയുണ്ടായി. ഇതോടെയാണ് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയിരുന്നത്.

ആദിവാസികളും മറ്റുള്ളവരും 70:30 എന്ന അനുപാതം തലകീഴായാണ് മറിഞ്ഞിരിക്കുന്നത്. നിലവില്‍ ത്രിപുരയിലെ ജനസംഖ്യയില്‍ 70 ശതമാനവും ബംഗാളികളാണ് എന്നതും നാം ഓർക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ വെറും 40 ലക്ഷമാണ്. സിക്കിമിലും ഗോവയിലും മാത്രമേ ഇതിലും കുറഞ്ഞ ജനസംഖ്യയുള്ളൂ. എന്നാൽ ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കായ 96 ശതമാനമാണ് ത്രിപുരയിലുള്ളത്.

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായിട്ടും കഴിഞ്ഞ തവണ ഇടതുപക്ഷത്തു നിന്നും ഭരണം പിടിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞത് സംസ്ഥാന കോൺഗ്രസ്സ് ഒന്നാകെ കാവിയണിഞ്ഞതു കൊണ്ടു മാത്രമാണ്. എന്നാൽ ഇങ്ങനെ പോയവരിൽ പലരും ഇതിനകം തന്നെ തിരിച്ചു വന്നിട്ടുമുണ്ട്. ബി.ജെ.പി ഇത്തവണ നേരിടുന്ന പ്രധാന വെല്ലുവിളി പാർട്ടിയിലെ കൊഴിഞ്ഞു പോക്ക് തന്നെയാണ്. മാണിക്ക് സർക്കാറിന് ബദലായി ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവർക്ക് ഉയർത്തിക്കാട്ടാൻ ഇല്ലന്നതും ഒരു യാഥാർത്ഥ്യമാണ്.

ജനകീയനായ ഒരു മുഖ്യമന്ത്രിയെ ആണ് കഴിഞ്ഞ 5 വർഷം ത്രിപുര മിസ് ചെയ്തിരിക്കുന്നത്. ആ തെറ്റ് അവർ തിരുത്തിയിൽ വീണ്ടും കമ്യൂണിസ്റ്റുകാരൻ തന്നെ ത്രിപുര ഭരിക്കാനാണ് സാധ്യത. രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍പ്രസാദ് പോലും പരസ്യമായി പറഞ്ഞത് മാണിക്ക് സർക്കാര്‍ എന്ന മുഖ്യമന്ത്രിയെ താന്‍ ഇഷ്ടപ്പെടുന്നുവെന്നാണ്.

manik

ത്രിപുരയിൽ ഇടതുപക്ഷത്തിന് തുടർച്ചയായി കാൽ നൂറ്റാണ്ടോളം ഭരിക്കാൻ കഴിഞ്ഞത് ജനക്ഷേമ പദ്ധതികൾ നടപ്പാക്കിയതു കൊണ്ടു മാത്രമല്ല ഈ കൊച്ചു സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ അഴിമതിക്കറ പുരളാത്തവരാണ് എന്നതു കൊണ്ട് കൂടിയാണ്. ‘വ്യക്തിപരമായി അഴിമതിയില്ലാത്തവരാണെന്ന കാര്യം നിഷേധിക്കാനാകില്ല’ എന്ന് കോണ്‍ഗ്രസ് എംഎല്‍എ ഗോപാല്‍ റോയി അടക്കമുള്ളവർ പരസ്യമായി തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ഇടതു മുന്നണിയുടെ ആദ്യമുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ളാവിലേക്ക് കയറിപ്പോയതു പോലെ തന്നെ രണ്ടു തകരപ്പെട്ടിയും വസ്ത്രങ്ങളും പുസ്തകങ്ങളും ഷേവിങ് കിറ്റുമായി തിരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരിക്കുന്നത്.

അക്കാലത്ത് അദ്ദേഹം റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഭക്ഷ്യധാന്യങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കു പോലും വാങ്ങിയിരുന്നത്. ആധുനിക മുതലാളിത്തം ഹീനജാതിക്കാരനായി വിലയിരുത്തിയിരുന്ന ഈ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഒരിക്കലും ഒരു ബാങ്ക് അക്കൌണ്ടും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശിഷ്യനായ മണിക് സര്‍ക്കാരും നൃപന്‍ ചക്രവര്‍ത്തിയെപ്പോലെ ലളിത ജീവിതവുമായാണ് ഇപ്പോഴും മുന്നോട്ട് പോകുന്നത്. ഈ മാണിക്യത്തെ നേരിടണമെങ്കിൽ ബി.ജെ.പി ഇത്തവണ ശരിക്കും വിയർപ്പൊഴുക്കേണ്ടി വരും. ഹിമാചൽ പ്രദേശിനു പിന്നാലെ ത്രിപുര കൂടി കൈവിട്ടാൽ അത് ബി,ജെ.പിക്ക് വലിയ പ്രഹരമായി മാറും. അത്തരമൊരു സാഹചര്യം ദേശീയ തലത്തിൽ പ്രതിപക്ഷത്തിനും പുത്തൻ ഉണർവ്വാണ് സൽകുക. അക്കാര്യത്തിലും സംശയമില്ല.

EXPRESS KERALA VIEW

Top