‘ഇടതുപക്ഷം ജനത്തെ കണ്ടത് അടിമകളെ പോലെ’; പ്രധാനമന്ത്രി ത്രിപുരയിൽ

അഗർത്തല: ത്രിപുരയിലെ റാലിയിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് വേണ്ടത് ഡബിൾ എൻജിൻ സർക്കാരാണ്. ബിജെപിക്ക് തുടർ ഭരണം നൽകാൻ ജനം തീരുമാനിച്ചു. ബിജെപി ത്രിപുരയിൽ നിയമവാഴ്ചയും സമാധാനവും പുനസ്ഥാപിച്ചു. അടിമകളെ പോലെയാണ് ഇടതുപക്ഷം ജനങ്ങളെ കണ്ടിരുന്നതെന്നും നരേന്ദ്ര മോദി വിമർശിച്ചു.

ഒരു കാലത്ത് ത്രിപുരയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയുണ്ടായിരുന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേറൊരു പാർട്ടിക്ക് പോലും കൊടി ഉയർത്താൻ സാധിക്കുമായിരുന്നില്ല. മുൻപ് റേഷൻ ജനങ്ങളുടെ കയ്യിൽ എത്തുന്നതിനു മുൻപ് തന്നെ മോഷ്ടിക്കപ്പെടുമായിരുന്നു. ബിജെപി സർക്കാർ അത് അവസാനിപ്പിച്ചു. ത്രിപുരയിൽ റെഡ് സിഗ്നൽ ഒഴിവാക്കി, ഡബിൾ എൻജിൻ സർക്കാർ ത്രിപുരയിൽ അധികാരത്തിൽ എത്തി.

ഇടത് – കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ വികസന പദ്ധതികളിൽ അഴിമതി ഉണ്ടാകും. പെൺകുട്ടികൾക്കും അമ്മമാർക്കുമായി പ്രവർത്തിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടുന്നു. ത്രിപുരയിൽ ഇരു പാർട്ടികളും സുഹൃത്തുക്കളാണ്. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും എന്ന് ഇടത് – കോൺഗ്രസ് തെരഞ്ഞെടുപ്പ് ധാരണയെ മോദി ആവർത്തിച്ച് വിമർശിച്ചു.

വർഷങ്ങളോളം കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഇടതു പാർട്ടികളിൽ നിന്ന് കൊടിയ പീഡനം ഉണ്ടായെന്ന് മോദി പറഞ്ഞു. ഇപ്പോൾ അത് മറക്കാൻ കഴിയുമോയെന്ന് മോദി ചോദിച്ചു. കൊടി ഉയർത്തിയതിന്റെ പേരിൽ വരെ ചോര വീണു. വികസനത്തിൽ ബിജെപി പക്ഷപാതം കാണിക്കില്ല. കൂടുതൽ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിൽ നടക്കുന്ന അക്രമത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് കമ്മീഷനെ കണ്ടത്. സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കാൻ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

Top