ഇടതുപക്ഷം ഇത്തവണ നേരിടേണ്ടത് മൂന്ന് ശത്രുക്കളെ, ഇനി സൈബര്‍ യുദ്ധം

രേ സമയം മൂന്ന് ശത്രുക്കള്‍. ഈ മൂവര്‍ സംഘത്തെയാണ് വരുന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേരിടാനുള്ളത്. ഇതില്‍ ഒന്നും രണ്ടും രാഷ്ട്രീയ എതിരാളികളാണ്. യു.ഡി.എഫും ബി.ജെ.പിയും. എന്നാല്‍ മൂന്നാമത്തെ വിഭാഗം മാധ്യമങ്ങളാണ്. കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങള്‍ എന്നാണ് ഇക്കൂട്ടരെ സി.പി.എം വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളിലെ എതിരാളികളേക്കാള്‍ ഇടതുപക്ഷം ഗൗരവമായി കാണുന്നതും മാധ്യമങ്ങളുടെ ‘ഇടപെടലിനെ’യാണ്. അതിനാല്‍ തന്നെ ശക്തമായ പ്രതിരോധക്കോട്ടയാണ് സി.പി.എം സൈബര്‍ മേഖലയില്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

നിഷ്പക്ഷത ചമയുന്ന മാധ്യമങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കി ജനവികാരം എതിരാക്കാന്‍ ശ്രമിക്കുകയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് പ്രതിരോധവും ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത് എന്ന് മുന്‍കൂട്ടി കണ്ടാണ് ഈ കരുതല്‍ നടപടി. സര്‍ക്കാറിനും ഇടതുപക്ഷത്തിനും എതിരെ വരുന്ന വാര്‍ത്തകളെ നിമിഷ നേരം കൊണ്ട് പൊളിച്ചടുക്കുന്ന പ്രവര്‍ത്തനമാണ് സി.പി.എം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

സൈബര്‍ മേഖലയിലും കേഡര്‍ സംവിധാനമാണ് ഇതിനായി ചെമ്പട ഏര്‍പ്പെടുത്തിയിരിക്കുന്നത്. താഴെ തട്ടുവരെ സന്ദേശങ്ങള്‍ എത്തിക്കുവാനുള്ള സംവിധാനമാണിത്. ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ തുടങ്ങിയ വര്‍ഗ്ഗ ബഹുജന സംഘടനകളിലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് സൈബര്‍ പോരാളികള്‍. ഇവര്‍ മുഖാന്തരം പൊതു സമൂഹത്തില്‍ സന്ദേശമെത്തിക്കലാണ് പ്രധാനദൗത്യം.

മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ കുത്തക മാധ്യമങ്ങളാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുടെ പ്രചാരകര്‍ എന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് മറ്റു സി.പി.എം വിരുദ്ധ മാധ്യമങ്ങളും ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. മനോരമയുടെയും ഏഷ്യാനെറ്റിന്റെയും റിപ്പോര്‍ട്ടര്‍മാര്‍ സൈബര്‍ അറ്റാക്കിന് വിധേയമായതോടെ ഈ മാധ്യമങ്ങളുടെ നിലപാടുകളും കൂടുതല്‍ കടുപ്പമായിട്ടുണ്ട്. ഇവര്‍ നല്‍കുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുവാന്‍ പ്രതിപക്ഷവും മത്സരിക്കുകയാണ്. ഇക്കാര്യത്തില്‍ മുസ്ലീം ലീഗിനും ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും ഒറ്റ നിലപാടാണുള്ളത്. ഇവരുടെയെല്ലാം ലക്ഷ്യം ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ്.

ഏഷ്യാനെറ്റ് സര്‍വേ പോലും പ്രതിപക്ഷത്തെ ഉണര്‍ത്താന്‍ ചെയ്തതാണെന്ന വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ച പ്രവചിച്ചാല്‍ പ്രതിപക്ഷ ജാഗ്രത കൂടുമെന്ന് കണ്ടായിരുന്നു സര്‍വേ എന്നാണ് വിലയിരുത്തല്‍. യു.ഡി.എഫ് ഭരണത്തില്‍ ലഭിക്കുന്ന പരിഗണനകള്‍ ഇടതുപക്ഷ ഭരണത്തില്‍ ലഭിക്കാത്തതും മാധ്യമ രോഷത്തിന് മറ്റൊരു കാരണമാണ്. അണിയറയിലെ ഈ മാധ്യമ ശത്രുക്കള്‍ വലിയ അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എം പ്രതിരോധവും ശക്തിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാവണമെന്നതാണ് സി.പി.എം നേതൃത്വത്തിന്റെ ആവശ്യം. കള്ള വാര്‍ത്തകളെ കരുതിയിരിക്കുന്നതോടൊപ്പം തന്നെ എതിര്‍ക്കാനുമാണ് നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി മനോരമയ്‌ക്കെതിരെ ശക്തമായ പ്രചരണമാണ് സി.പി.എം സൈബര്‍ വിഭാഗം നടത്തി കൊണ്ടിരിക്കുന്നത്.

യുഎഇ റെഡ്ക്രസന്റ് അതോറിറ്റിയുമായി ചേര്‍ന്നുള്ള ഭവനപദ്ധതിയുടെ പേരില്‍ മലയാള മനോരമ നല്‍കിയ വാര്‍ത്ത വ്യാജമാണെന്നതാണ് ഒടുവിലത്തെ ആക്ഷേപം. റെഡ്ക്രസന്റുമായി കരാര്‍ ഉണ്ടാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പദ്ധതിയുടെ ധാരണാപത്രം എന്നാണ് മനോരമ ഒന്നാം പേജില്‍ പ്രധാന വാര്‍ത്തയായി നല്‍കിയിരുന്നത്. എന്നാല്‍ റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി തന്നെ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ പുറത്തുവന്ന ധാരണാപത്രമാണ് മനോരമ എക്സ്‌ക്ലൂസീവ് വാര്‍ത്തയാക്കി നല്‍കിയിരിക്കുന്നതെന്നും ദേശാഭിമാനി തുറന്നടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ 2019 ജൂലൈ 11ന് ഈ ധാരണാപത്രത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നാണ് സി.പി.എം മുഖ പത്രം വ്യക്തമാക്കുന്നത്. വാര്‍ത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടിയും നല്‍കിയിരുന്നു.

‘ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിന് 7 ദശലക്ഷം യുഎഇ ദിര്‍ഹവും ഹെല്‍ത്ത് സെന്ററിനായി 3 ദശലക്ഷം യുഎഇ ദിര്‍ഹവും സഹായമായി നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്കാണ് എംഒയുവില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് പ്രത്യേക കരാറുകള്‍ വെക്കണമെന്നും എംഒയുവില്‍ പ്രതിപാദിച്ചിട്ടുണ്ട്. റെഡ്ക്രസന്റ് പണമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്നില്ലെന്നും അവര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടം സര്‍ക്കാരിന് കൈമാറുകയാണ് ചെയ്യുന്നതെന്ന് റെഡ്ക്രസന്റ് ജനറല്‍ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. ഏജന്‍സിയെ കണ്ടുപിടിച്ചതും കരാര്‍ നല്‍കിയതും അവരുമായി പണമിടപാട് നടത്തിയതുമെല്ലാം റെഡ്ക്രസന്റ് നേരിട്ടായിരുന്നു.

500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 140 വീടുകളാണ് വടക്കാഞ്ചേരിയിലെ ഈ സമുച്ചയത്തില്‍ നിര്‍മിക്കപ്പെടുന്നത്. ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെയാണ് സമുച്ചയും പൂര്‍ത്തിയാകുന്നത്. ഇക്കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നത്. മനോരമ വാര്‍ത്തയുടെ ഒന്നാമത്തെ വരി തന്നെ തനിവ്യാജമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ വാര്‍ത്താസമ്മേളനമെന്നാണ് സിപിഎം മുഖപത്രം ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച്ച മുന്‍പ് നടന്ന കൈരളി ന്യൂസിന്റെ ചര്‍ച്ചയിലും ഒന്നര മണിക്കൂറോളം ഈ ധാരണാപത്രത്തെക്കുറിച്ചാണ് സംവാദം നടന്നിരുന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം പ്രധാനവാര്‍ത്തയാക്കുകയും പൊതുമധ്യത്തില്‍ എത്തിയ ധാരണാപത്രത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാക്കുകയുമാണ് മനോരമ ചെയ്തതെന്നും ദേശാഭിമാനി വിമര്‍ശിച്ചിട്ടുണ്ട്.

ഭവനരഹിതരായ അനേകം മനുഷ്യര്‍ക്ക് അഭയമായ ലൈഫ് പദ്ധതിയെ തകര്‍ക്കും വിധമാണ് വസ്തുതകളെ വളച്ചൊടിച്ചുള്ള മനോരമ വാര്‍ത്തയെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ത്ത വ്യാപകമായാണ് സി.പി.എം സൈബര്‍ മേഖലകളില്‍ പ്രചരിപ്പിച്ചു വരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്കെതിരെ സി.പി.എം ശക്തമായ പ്രചരണം അഴിച്ചു വിട്ടിരുന്നു. പലതും തെളിവ് സഹിതമായതിനാല്‍ ആരോപണ വിധേയരായ മാധ്യമങ്ങള്‍ക്ക് ഇതുവരെ ‘മറുപടി’ പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

Top