ഇത്തവണയും വയനാട് ചുവപ്പിക്കാന്‍ ഇടതുപക്ഷത്തിന് പദ്ധതി തയ്യാര്‍ . . . !

രാഹുല്‍ ഗാന്ധിയിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച നാടാണ് വയനാട്. ഈ വയനാടന്‍ കാറ്റാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണമായി മാറിയിരുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ യു.ഡി.എഫിന് കാര്യങ്ങള്‍ എളുപ്പമല്ല. ജനങ്ങളുടെ ചിന്തകളും നിലപാടുകളും ഇവിടെ വ്യത്യസ്തമാണ്. ‘രാഹുല്‍ എഫക്ട്’ നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷ അതു കൊണ്ട് തന്നെയാണ് യു.ഡി.എഫ് നേതൃത്വത്തിനും ഇപ്പോഴില്ലാത്തത്.

മൂന്ന് നിയമസഭ മണ്ഡലങ്ങളാണ് വയനാട് ജില്ലയിലുള്ളത്. ഇതില്‍ കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങള്‍ നിലവില്‍ ഇടതുപക്ഷത്തിന്റെ കൈവശമാണുള്ളത്. സുല്‍ത്താന്‍ ബത്തേരിയില്‍ മാത്രമാണ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. ഐ.സി ബാലകൃഷ്ണനാണ് 2011 മുതല്‍ ഈ സംവരണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ 11,198 വോട്ടുകളായിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വവും ഇവിടെ യു.ഡി.എഫിനാണ് ഗുണം ചെയ്തിരുന്നത്. 27, 920 വോട്ടാണ് സി.കെ ജാനു നേടിയിരുന്നത്. ഇത്തവണ ജാനു ഒരു ഘടകമല്ലാത്തത് ഗുണം ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

പൊതുവെ യു.ഡി.എഫ് ശക്തികേന്ദ്രമായി അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ 2011ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രവും ഇടതുപക്ഷത്തിനുണ്ട്. മുന്‍ എസ്.എഫ്.ഐ നേതാവ് പി. കൃഷ്ണപ്രസാദായിരുന്നു അന്ന് വിജയിച്ചിരുന്നത്. ഇടതിനെയും വലതിനെയും പുണര്‍ന്ന ചരിത്രമുള്ള സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ മത്സരമാണ്. ഈ മണ്ഡലം പിടിച്ചെടുക്കേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് മധുരമായ പ്രതികാരം കൂടിയാണ്. വയനാട്ടിലൂടെ കേരളത്തിന്റെ മനസ്സ് അട്ടിമറിച്ച രാഹുലിന്റെ തട്ടകത്തില്‍ സമ്പൂര്‍ണ്ണ വിജയമാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി കൂടി പിടിച്ചാല്‍ അത് സാധ്യമാകുമെന്നാണ് സി.പി.എം നേതൃത്വവും കണക്ക് കൂട്ടുന്നത്.

മാനന്തവാടിയിലും കല്‍പ്പറ്റയിലും 2016ലെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ചുവപ്പിന്റെ പ്രതീക്ഷ. മാനന്തവാടിയില്‍ സി.പി.എമ്മിലെ ഒ.ആര്‍ കേളുവാണ് പി.കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയിരുന്നത്. കല്‍പ്പറ്റ മണ്ഡലത്തില്‍ സി.കെ ശശീന്ദ്രനാണ് മിന്നും താരമായത്. കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. 13083 വോട്ടിന്റെ ഭൂരിപക്ഷമാണ് ശശീന്ദ്രന്‍ നേടിയിരുന്നത്. 2016-ല്‍ ശശീന്ദ്രന്റെ എതിരാളിയായിരുന്ന എം.വി ശ്രേയസ് കുമാറും ഇത്തവണ ഇടതുപക്ഷത്തുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എസ്.ജെ.ഡിക്ക് വയനാട്ടിലുള്ള സ്വാധീനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്. സി.കെ ശശീന്ദ്രന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ജനകീയതയിലൂടെ ഇത്തവണയും വയനാടിനെ ചുവപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം.

കല്‍പ്പറ്റയിലെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ തവണ മറ്റു മണ്ഡലങ്ങളെയും സ്വാധീനിച്ചിരുന്നു. പിണറായി സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് വയനാട്ടിലെയും പ്രധാന പ്രചരണായുധം. പ്രകൃതിദുരന്തമുണ്ടായ പുത്തുമലയില്‍ സി.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനാണ് എന്നതാണ് മറ്റു എം.എല്‍.എമാരില്‍ നിന്നും സി.കെ ശശീന്ദ്രനെ വ്യത്യസ്തനാക്കുന്നത്. മണ്ണിനും തനിക്കും ഇടയില്‍ അകലം വേണ്ടെന്ന കാരണത്താല്‍ ചെരിപ്പു പോലും ഉപക്ഷിച്ചാണ് ഈ കുറിയ മനുഷ്യന്‍ നടക്കുന്നത്. അദ്ദേഹത്തിന്റെ ഇഷ്ട വാഹനമാകട്ടെ സൈക്കിളുമാണ്. ഓട്ടോറിക്ഷയില്‍ നിയമസഭ കവാടത്തിലും എം.എല്‍.എ ഹോസ്റ്റലിലും എത്തുന്ന ശശീന്ദ്രന്‍ പൊലീസുകാര്‍ക്കും കൗതുകമാണ്.

ഇതു കൊണ്ടൊന്നും തീരുന്നതല്ല ശശീന്ദ്രന്റെ ലളിത ജീവിതം. അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്.

പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ജനപ്രതിനിധി കൂടിയാണ് ശശീന്ദ്രന്‍. അദ്ദേഹത്തിനു മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ശശീന്ദ്രനെ കാണാന്‍ പറ്റൂകയുള്ളു. ഈ ജനസ്വകാര്യതയെ വീണ്ടും വോട്ടാക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ അത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകും.

Top