ചെമ്പടക്ക് വലിയ ആത്മവിശ്വാസം, തെറ്റ് ത്രിപുര തിരുത്തുമെന്ന് ഇടതുപക്ഷം

ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു തിരിച്ചു വരവിനുള്ള ശക്തമായ ശ്രമത്തിലാണിപ്പോൾ ഇടതുപക്ഷമുള്ളത്. ബി.ജെ.പി മുൻപ് നേടിയ അടിമറി വിജയത്തെ അതേ രൂപത്തിൽ തന്നെ തിരിച്ചടിക്കാൻ പാർട്ടി സംവിധാനങ്ങൾ ആകെ ഉണർന്നു പ്രവർത്തിക്കാനാണ് സി.പി.എം. നേതൃത്വം ആഹ്വാനം നൽകിയിരിക്കുന്നത്. സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ സജീവമായ ഇടപെടൽ തന്നെ ത്രിപുരയിലുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വത്തെ സംബന്ധിച്ചും ത്രിപുരയിൽ ഭരണം നിലനിർത്തേണ്ടത് അനിവാര്യമാണ്. ‘കോൺഗ്രസ്സ് സർക്കാറുകളെ അട്ടിമറിച്ച് നേടിയ വിജയത്തേക്കാൾ പ്രത്യയശാസ്ത്രപരമായ വിജയമാണ് ത്രിപുരയിൽ ഉണ്ടായതെന്നതാണ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ.എസ്.എസ് നേതൃത്വവും അവകാശപ്പെട്ടിരുന്നത്. കമ്യൂണിസ്റ്റുകൾക്ക് മേൽ നേടിയ ആ വിജയം അത്രമാത്രം സംഘപരിവാറുകാരെ ആവേശം കൊള്ളിച്ചിരുന്നു എന്നു വ്യക്തം.

ത്രിപുരയിൽ ഇടതുപക്ഷം തിരിച്ചു വന്നാൽ അത് ബംഗാളിലെ ത്രിണമൂൽ കോൺഗ്രസ്സിനും ഭീഷണിയാകും എന്നതിനാൽ പ്രതിപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി ബി.ജെ പിയെ സഹായിക്കാൻ മമത ബാനർജിയുടെ അനുയായികളും അണിയറയിൽ ശ്രമിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ ഇടതുപക്ഷ ഭരണത്തെ വീഴ്ത്തി തൃണമൂൽ ഭരണം പിടിച്ചതിനു പിന്നാലെയാണ് തൊട്ടടുത്ത സംസ്ഥാനമായ ത്രിപുരയിൽ ബി.ജെ.പിയും അട്ടിമറി വിജയം നേടിയിരുന്നത്. ഈ സാഹചര്യം നേരെ തിരിയുമോ എന്നതാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭയക്കുന്നത്. അതു കൊണ്ട് തന്നെ ത്രിപുരയിൽ ഇടതുപക്ഷ പരാജയം ഉറപ്പ് വരുത്താനാണ് മമത അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

എന്നാൽ ഈ നീക്കങ്ങളിൽ പതറാതെയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട് പോകുന്നത്. ഈ പോരാട്ടത്തിൽ ഇടതുപക്ഷം വിജയിക്കുക തന്നെ ചെയ്യുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് സി.പി.എം നേതൃത്വമുള്ളത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നും നിരവധി നേതാക്കൾ രാജിവച്ചിരിക്കുന്നത് പ്രതിപക്ഷ പ്രതീക്ഷകൾക്ക് കരുത്ത് നൽകുന്നതാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുതിർന്ന നേതാവും നാലുവട്ടം എംഎൽഎയുമായ ദിബചന്ദ്ര റാൻഖോൾ ഉൾപ്പെടെയുള്ളവരാണ് രാജിവച്ചിരിക്കുന്നത്.

വടക്കൻ ത്രിപുരയിലെ ഉനകോടി ജില്ലയിൽ കരംചെര നിയമസഭാ മണ്ഡലത്തെയാണ്‌ ദിബചന്ദ്ര പ്രതിനിധീകരിക്കുന്നത്‌. മൂന്നുവട്ടം കോൺഗ്രസ്‌ ടിക്കറ്റിൽ ജയിച്ച ദിബചന്ദ്ര 2018ലാണ് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നത്. 66 കാരനായ ദിബചന്ദ്ര 2016 ൽ മറ്റ്‌ അഞ്ച്‌ കോൺഗ്രസ്‌ എംഎൽഎമാർക്കൊപ്പമാണ് തൃണമൂലിൽ ചേർന്നിരുന്നത്. പിന്നീട്‌ ഈ എംഎൽഎമാരെല്ലാം തന്നെ ബിജെപിയിൽ ചേരുകയാണ് ഉണ്ടായത്.

ത്രിപുരയിൽ ബിജെപി വിടുന്ന അഞ്ചാമത്‌ എംഎൽഎയാണ്‌ ദിബചന്ദ്ര. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്‌ടിയിൽ നിന്ന്‌ മൂന്ന്‌ എംഎൽഎമാരും രാജിവെച്ചിട്ടുണ്ട്. ആഷിഷ്‌ ദാസാണ്‌ ആദ്യം ബിജെപി വിട്ട എംഎൽഎ. തൃണമൂലിൽ ചേർന്ന ദാസ്‌ നിലവിൽ റിപ്പബ്ലിക്കൻ പാർടി അംഗമാണ്‌. ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന സുധീപ്‌ റോയ്‌ ബർമനും ആഷിഷ്‌ സാഹയും രാജിവെച്ച്‌ കോൺഗ്രസിൽ ചേരുകയാണ് ഉണ്ടായത്. ബർമനാകട്ടെ പിന്നീട് അഗർത്തല ഉപതെരഞ്ഞെടുപ്പിൽ ജയിച്ച്‌ വീണ്ടും എംഎൽഎയാവുകയും ചെയ്തു. സെപ്‌തബറിൽ മറ്റൊരു ബിജെപി എംഎൽഎയും തൊട്ടു പിന്നാലെ മൂന്ന് ഐപിഎഫ്‌ടി എംഎൽഎമാരും ഇതിനകം തന്നെ ഭരണപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു.

ബി.ജെ.പിക്ക് മുൻപ് ത്രിപുര പിടിക്കാൻ കഴിഞ്ഞതു തന്നെ നല്ലൊരു വിഭാഗം കോൺഗ്രസ്സുകാരും ബി.ജെ.പിയിൽ ചേക്കേറിയതോടെയാണ്. ഇപ്പോൾ തിരിച്ച്, അണികളും നേതാക്കളും പ്രതിപക്ഷത്തേക്ക് മടങ്ങുന്നത് മാറുന്ന ത്രിപുരയുടെ നേർക്കാഴ്ചയാണ്. “ത്രിപുരയിൽ ബിജെപിയുടെ പതനം ആരംഭിച്ചുവെന്നാണ്, സിപിഎം നേതാവ്‌ പബിത്ര കർ പ്രതികരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.

പരാജയം മുന്നിൽ കണ്ട് ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബിജെപി വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണെന്ന ഗുരുതര ആരോപണവും സി.പി.എം. സംസ്ഥാനത്ത് ഉയർത്തിയിട്ടുണ്ട്. സംഘ പരിവാർ പ്രവർത്തകരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതും എം എൽ എ ഭാനുലാൽ സാഹ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതും അടുത്തയിടെയാണ്. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാവ് സാഹിദ് മിയയാണ് കൊല്ലപ്പെട്ടത്. ബിജെപി അധികാരത്തില്‍ വന്നയുടന്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന സിപിഎമ്മിന്റെ ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തുറക്കാന്‍ ഒത്തുകൂടിയപ്പോഴാണ് ആക്രമണം നടന്നിരുന്നത്.

ബിജെപി ഭരണം പിടിച്ച ശേഷം ത്രിപുരയിൽ സിപിഎമ്മിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ ഓഫീസുകൾ പ്രവർത്തിപ്പിക്കാനോ ഭരണകൂട ഒത്താശയിൽ അക്രമി സംഘം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വലിയ ചെറുത്തു നിൽപ്പാണ് സി.പി.എം. പ്രവർത്തകർ നടത്തിയിരുന്നത്. അതാകട്ടെ ഇപ്പോഴും തുടരുകയുമാണ്. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളും കടുത്ത ആശകയിലാണ് ഉള്ളത്. ഇതെല്ലാം വോട്ടായി മാറിയാൽ ശക്തമായ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്നു തന്നെയാണ് സി.പി.എം. നേതൃത്വം കണക്ക് കൂട്ടുന്നത്. അങ്ങനെ സംഭവിച്ചാൽ അത് രാജ്യത്തെ ഇടതുപക്ഷത്തിന് നൽകുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും.

EXPRESS KERALA VIEW

Top