ബ്രസീലിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിൽ; ലുല ഡ സിൽവ പ്രസിഡന്റ്

റിയോ ഡി ജനീറോ: ബ്രസീലിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് ലുല ഡ സിൽവ വിജയിച്ചു. നിലവിലെ പ്രസിഡന്റ് ജൈർ ബോൽസനാരോയെയാണ് പരാജയപ്പെടുത്തിയത്.

കേവല ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ടു നേടിയാണ് സിൽവയുടെ വിജയം. രണ്ടാംഘട്ട വോട്ടെടുപ്പിൽ സിൽവ 50.8 ശതമാനം വോട്ടു നേടിയാണ് അധികാരത്തിലേറുന്നത്. ബോൽസനാരോക്ക് 49.17 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

ചിലി, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടർച്ചയാണ് ബ്രസീലിലെയും വിജയം. മൂന്നാം തവണയാണ് 77 കാരനായ ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റാകുന്നത്. 2003 മുതൽ 2010 വരെയാണ് മുമ്പ് അദ്ദേഹം പ്രസിഡന്റായിരുന്നത്.

2018 ൽ അഴിമതി ആരോപണത്തെ തുടർന്ന് ലുല ജയിലിലടക്കപ്പെട്ടിരുന്നു. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൽസനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഇതേത്തുടർന്നാണ്. വിലക്കയറ്റം രൂക്ഷമായ ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്.

Top