കേരള കോണ്‍ഗ്രസുകളുടെ സീറ്റുകള്‍ ഇടതുമുന്നണി ഒറ്റ പാക്കേജാക്കും

തിരുവനന്തപുരം: വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കായി നല്‍കുന്ന സീറ്റുകള്‍ ഇടതുമുന്നണി ഒറ്റ പാക്കേജാക്കും. ജോസ് കെ. മാണിയെക്കൂടാതെ കഴിഞ്ഞതവണ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്‌കറിയാ തോമസ് വിഭാഗം, ബാലകൃഷ്ണപിള്ള വിഭാഗം തുടങ്ങിയ കക്ഷികളും ഇടതുമുന്നിയിലുണ്ട്.

ജോസ് കെ. മാണി വിഭാഗത്തിന് ഏഴ്-എട്ട് സീറ്റുകളും മറ്റ് കക്ഷികളുടെ വിഹിതമായി ആറ്-എഴ് സീറ്റുകളും ചേര്‍ത്തുള്ളതാണ് പാക്കേജ്. ഈ കക്ഷികളുടെ സീറ്റുകള്‍ തമ്മില്‍ വെച്ചുമാറ്റങ്ങള്‍ക്കാണ് അവയെ ഒരു പാക്കേജാക്കുന്നത്.

12 സീറ്റുകളാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. ഇടുക്കി, തൊടുപുഴ, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, റാന്നി, ചാലക്കുടി, പേരാമ്പ്ര, പിറവം അല്ലെങ്കില്‍ പെരുമ്പാവൂര്‍, ഇരിക്കൂര്‍ അല്ലെങ്കില്‍ പേരാവൂര്‍ എന്നിവ ഉള്‍പ്പെടും.

സീറ്റുകളുടെ കാര്യത്തില്‍ അനൗദ്യോഗിക സംഭാഷണം നടന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സി.പി.ഐയുടെയും പാലാ എന്‍.സി.പിയുടെയും സീറ്റുകളായതിനാല്‍ അക്കാര്യത്തില്‍ തീരുമാനമായില്ല. പാലായ്ക്ക് പകരം എന്‍.സി.പിക്ക് ജോസ് കെ. മാണി ഒഴിയുന്ന രാജ്യസഭാ എം.പി. സ്ഥാനവുമാണ് വാഗ്ദാനം. എന്നാല്‍ എന്‍.സി.പി. ഇതിന് പൂര്‍ണമായി വഴങ്ങിയിട്ടില്ല.

Top